ad
Deshabhimani

കുവൈത്തിലും യുഎഇയിലും ബഹ്‌റൈനിലും ജല, പെട്രോള്‍ മേഖലകളില്‍ ഇറാന്‍ ആക്രമണം

Kuwait Petroleum Corporation

ഡ്രോൺ ആക്രമണമുണ്ടായ കുവൈത്ത് പെട്രോളിയം കോർപറേഷന്റെ കെട്ടിടം | PHOTO: AFP

avatar
അനസ് യാസിന്‍

Published on Apr 05, 2026, 10:30 PM | 2 min read

മനാമ: ഗള്‍ഫ് മേഖലയില്‍ ആശങ്ക വര്‍ധിപ്പിച്ച് ഇറാന്‍ ആക്രമണം. കുവൈത്ത്, യുഎഇ, ബഹ്‌റൈന്‍ എന്നിവടങ്ങളില്‍ ഞായറാഴ്ച ജലശുദ്ധീകരണ-വൈദ്യുതി നിലയങ്ങള്‍, പ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ഊര്‍ജ്ജ നിലയങ്ങള്‍, പെട്രോകെമിക്കല്‍ പ്ലാന്റുകള്‍ എന്നിങ്ങനെ പാശ്ചാത്തല മേഖലകളെ ലക്ഷ്യമിട്ടാണ് ഇറാന്‍ ആക്രമണമുണ്ടായത്. ആളാപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


കുവൈത്തില്‍ ജലശുദ്ധീകരണ-വൈദ്യുതി നിലയങ്ങള്‍, ഷുവൈഖ് ഓയില്‍ കോംപ്ലക്‌സ്, കുവൈത്ത് സിറ്റിയിലെ മിനിസ്ട്രീസ് കോംപ്ലക്‌സ് എന്നിവയെ ലക്ഷ്യമിട്ട് ശനി രാത്രിയും ഞായര്‍ പുലര്‍ച്ചെയുമാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെ രണ്ട് പ്രധാന ജലശുദ്ധീകരണ-വൈദ്യുതി നിലയങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പവര്‍ ജനറേറ്റിംഗ് യൂണിറ്റുകള്‍ പ്രവര്‍ത്തനരഹിതമായതായി വൈദ്യുതി-ജല മന്ത്രാലയം വക്താവ് ഫാത്തിമ അബ്ബാസ് ജൗഹര്‍ ഹയാത്ത് അറിയിച്ചു. പ്ലാന്റുകള്‍ക്ക് ഗുരുതരമായ ഭൗതിക നാശനഷ്ടങ്ങള്‍ സംഭവിച്ചതായും അവര്‍ വ്യക്തമാക്കി. അവശ്യ സേവനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കാനും താമസക്കാര്‍ക്കുള്ള തടസ്സങ്ങള്‍ കുറക്കാനും സാങ്കേതിക സംഘങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹയാത്ത് കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ കുടിവെള്ളത്തിന്റെ 90 ശതമാനവും ഇത്തരം പ്ലാന്റുകളെ ആശ്രയിച്ചാണ്.


ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ കുവൈറ്റിലെ ഷുവൈഖ് ഓയില്‍ സെക്ടര്‍ സമുച്ചയത്തില്‍ തീപിടുത്തമുണ്ടായി. എണ്ണ മന്ത്രാലയവും കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷന്റെ (കെപിസി) ആസ്ഥാനവും സ്ഥിതി ചെയ്യുന്ന ഷുവൈഖ് സമുച്ചയം പൂര്‍ണ്ണമായും ഒഴിപ്പിച്ചു. തങ്ങളുടെ കീഴിലുള്ള ചില പ്രവര്‍ത്തന യൂണിറ്റുകളില്‍ തീപിടുത്തവും കാര്യമായ നാശനഷ്ടങ്ങളും ഉണ്ടായതായി കെപിസി അറിയിച്ചു. പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനിയിലും നാഷണല്‍ പെട്രോളിയം കമ്പനിയിലും ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാന്‍ തങ്ങളുടെ ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കെപിസി പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തില്‍ വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചതായി കുവൈറ്റ് വാര്‍ത്താ ഏജന്‍സിയായ കുന റിപ്പോര്‍ട്ട് ചെയ്തു.


തലസ്ഥാനമായ കുവൈറ്റ് സിറ്റിയിലെ സര്‍ക്കാര്‍ ഭരണകേന്ദ്രമായ മിനിസ്ട്രീസ് കോംപ്ലക്‌സ് കെട്ടിടത്തിന് നേരെ ശനിയാഴ്ച രാത്രി ആക്രമണമുണ്ടായി. ആക്രമണത്തില്‍ കെട്ടിടത്തിന് സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി കുവൈറ്റ് ധനമന്ത്രാലയം സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ഞായറാഴ്ച ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു.


ഞായറാഴ്ച യുഎഇക്ക് നേരെയുണ്ടായ ഇറാന്റെ മിസൈല്‍ ആക്രമണത്തെ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടഞ്ഞു. എന്നാല്‍ മിസൈലുകളുടെ അവശിഷ്ടങ്ങള്‍ വീണ് അബുദാബിയിലെ റുവൈസ് ഇന്‍ഡസ്ട്രിയല്‍ കോംപ്ല്ക്‌സിലെ ബൊറൂജ് പെട്രോകെമിക്കല്‍ പ്ലാന്റില്‍ ഒന്നിലധികം ഇടങ്ങളില്‍ തീപിടുത്തമുണ്ടായി. പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.


ബഹ്‌റൈനിലെ ഗള്‍ഫ് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി (ജിപിഐസി), പൊതുമേഖല എണ്ണ കമ്പനിയായ ബാപ്‌കോ എനര്‍ജീസ് എന്നിവയുടെ പ്ലാന്റുകള്‍ക്ക് നേരെയും ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ജിപിഐസിയുടെ ഓപ്പറേഷണല്‍ യൂണിറ്റുകളിലും സ്റ്റോറേജ് ടാങ്കുകളിലും തീപിടുത്തമുണ്ടായെങ്കിലും സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ തീ നിയന്ത്രണവിധേയമാക്കി. ബാപ്‌കോയുടെ സംഭരണ ശാലയിലുണ്ടായ തീപിടുത്തവും അണച്ചതായും നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണെന്നും അധികൃതര്‍ അറിയിച്ചു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും നിലവില്‍ സാഹചര്യം നിയന്ത്രണവിധേയമാണെന്നും ബഹ്‌റൈന്‍ വ്യക്തമാക്കി.

ആക്രമണങ്ങള്‍ക്കിടയിലും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സുഗമമാക്കുന്നതിനായി ഒമാനും ഇറാനും തമ്മില്‍ ഉപവിദേശകാര്യ മന്ത്രിതലത്തില്‍ ചര്‍ച്ചകള്‍ നടത്തി. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ പാതയിലെ ഗതാഗതം നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക പ്രോട്ടോക്കോള്‍ സംബന്ധിച്ചാണ് ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തത്. മേഖലയില്‍ സംഘര്‍ഷം പുകയുന്നതിനിടെ ഒമാന്റെ ഈ നീക്കം നയതന്ത്ര തലത്തില്‍ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.


മേഖലയില്‍ ഏറ്റവും കൂടുതല്‍ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടത് കുവൈറ്റിലാണ്. ഒപെക്കിലെ അഞ്ചാമത്തെ വലിയ എണ്ണ ഉല്‍പ്പാദകരായ കുവൈറ്റ്, യുദ്ധത്തിന് മുമ്പ് പ്രതിദിനം 2.6 ദശലക്ഷം ബാരല്‍ എണ്ണയാണ് ഉല്‍പ്പാദിപ്പിച്ചിരുന്നത്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെത്തുടര്‍ന്ന് കപ്പല്‍ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തി, കെപിസി തങ്ങളുടെ കരാറുകളില്‍ കഴിഞ്ഞ മാസം ഫോഴ്‌സ് മെഹ്യൂര്‍ പ്രഖ്യാപിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ എണ്ണ നിലയങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ കൂടി വര്‍ദ്ധിച്ചത് ആഗോള വിപണിയെ ബാധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home