പശ്ചിമേഷ്യൻ സംഘർഷം; ഇറാനെതിരായ ആക്രമണത്തിന് യുഎഇ മണ്ണ് അനുവദിക്കില്ല

ദുബായ് : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനെതിരായ സൈനിക നടപടികൾക്ക് തങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ വ്യക്തമാക്കി. ഇറാനെ ആക്രമിക്കുന്നതിനായി രാജ്യത്തെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകില്ലെന്നും യുഎഇ അറിയിച്ചു.
ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലുമുള്ള യുഎഇയുടെ സ്ഥിരം പ്രതിനിധി ജമാൽ അൽ മുഷറഖ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെതിരായ ആക്രമണങ്ങൾക്ക് യുഎഇയുടെ മണ്ണ് ഒരിക്കലും ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന നിലപാട് രാജ്യം മുമ്പും വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് സംഘർഷം കൂടുതൽ രൂക്ഷമാകാതിരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ട രാജ്യങ്ങൾ ചർച്ചകളിലേക്ക് മടങ്ങണമെന്നും യുഎഇ ആവശ്യപ്പെട്ടു. അമേരിക്കയും ഇസ്രയേലും ഒരു വശത്തും ഇറാൻ മറുവശത്തുമായി നിൽക്കുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ സംഭാഷണത്തിലൂടെയാണ് പരിഹരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷം ലഘൂകരിക്കുക എന്നതാണ് യുഎഇയുടെ പ്രധാന നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യുഎഇയിലെ ശുദ്ധജല പ്ലാന്റുകൾ, ഊർജ നിലയങ്ങൾ എന്നിവ പോലുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും അംബാസഡർ വ്യക്തമാക്കി. ഇത്തരം സുപ്രധാന കേന്ദ്രങ്ങളെ സംരക്ഷിക്കാൻ രാജ്യം പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണ ഭീഷണികൾ നിലനിൽക്കുമ്പോഴും ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് യുഎഇ തങ്ങളുടെ താവളങ്ങൾ വിട്ടുനൽകില്ലെന്ന നിലപാട് രാജ്യം വീണ്ടും ആവർത്തിച്ചു.










0 comments