ഗള്‍ഫ് മേഖലയില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍

കുവൈത്ത് സിറ്റി/മനാമ/ദുബായ് : പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഗള്‍ഫ് മേഖലയില്‍ ആക്രമണം അവസാനിപ്പിക്കാതെ ഇറാന്‍. കുവൈത്തിലെ മിന അൽ -അഹമദി റിഫൈനറിയിലും വൈദ്യുതി ഉൽപ്പാദന-, ജല ശുദ്ധീകരണ പ്ലാന്റിലും ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിച്ചു. ദുബായ് മറീനയിലും ഇന്റർനെറ്റ് സിറ്റിയിൽ ഐടി കമ്പനി ഒറാക്കിൾ കെട്ടിടത്തിന്റെ പുറംഭാഗത്ത് ഡ്രോൺ അവശിഷ്ടം പതിച്ചു.
കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ നിയന്ത്രണത്തിലുള്ള മിന അൽ- അഹ്മദി റിഫൈനറിയെ ലക്ഷ്യമിട്ട ആക്രമണത്തിൽ വിവിധ പ്രവർത്തന യൂണിറ്റുകളിൽ തീപിടിത്തമുണ്ടായി. അടിയന്തര പ്രതികരണ- സംഘങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ റിഫൈനറിയുടെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനായി. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി കുവൈത്ത് പെട്രോളിയം കോർപറേഷൻ അറിയിച്ചു. പരിസ്ഥിതി അതോറിറ്റിയുമായി സഹകരിച്ച് വായു ഗുണനിലവാരവും നിരീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ വൈദ്യുതി ഉൽപ്പാദന, -ജല ശുദ്ധീകരണ പ്ലാന്റിനെയും ഡ്രോൺ ആക്രമണം ലക്ഷ്യമിട്ടതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം സ്ഥിരീകരിച്ചു. പ്ലാന്റിന്റെ ചില ഭാഗങ്ങളിൽ ഭൗതിക നാശനഷ്ടം സംഭവിച്ചെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് മന്ത്രാലയ വക്താവ് എൻജിനിയർ ഫാത്തിമ അബ്ബാസ് ജൗഹർ ഹയാത്ത് അറിയിച്ചു. രണ്ടു സംഭവങ്ങളിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണങ്ങള്‍ വേഗത്തില്‍ നിരീക്ഷിക്കാനും കൃത്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
തകര്‍ത്ത ഡ്രോണുകളുടെ അവശിഷ്ടം പതിച്ച് ബഹ്‌റൈൻ സിത്രയില്‍ നാല് പൗരന്മാര്‍ക്ക് പരിക്കേറ്റു. മേഖലയിലെ നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. സിവില്‍ ഡിഫന്‍സ് വിഭാഗവും ആംബുലന്‍സ് യൂണിറ്റുകളും രക്ഷാപ്രവര്‍ത്തനം നടത്തി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പബ്ലിക് സെക്യൂരിറ്റി ചീഫ് ലെഫ്റ്റനന്റ് ജനറല്‍ താരിഖ് അല്‍ ഹസനും ക്യാപിറ്റല്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമൂദ് അല്‍ ഖലീഫയും നേരിട്ടെത്തി ജനങ്ങളുടെ സുരക്ഷ വിലയിരുത്തി. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും ബാധിക്കപ്പെട്ടവര്‍ക്ക് എല്ലാവിധ പിന്തുണയും സഹായവും നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും രാജ്യം സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബഹ്‌റൈന്‍ പ്രതിരോധ സേനയുടെ വ്യോമ പ്രതിരോധ സംവിധാനം എട്ട് ഡ്രോൺ വെടിവച്ചിട്ടതായി നാഷണല്‍ കമ്യൂണിക്കേഷന്‍ സെന്റര്‍ സ്ഥിരീകരിച്ചു. ഇതുവരെ 188 മിസൈലും 453 ഡ്രോണും വിജയകരമായി തടഞ്ഞു.
ശനി പുലർച്ചെ ദുബായ് മറീനയിൽ ഡ്രോൺ അവശിഷ്ടം കെട്ടിടത്തിന്റെ പുറംഭാഗത്ത് പതിച്ചതായി അധികൃതർ അറിയിച്ചു. തീപിടിത്തമോ ആളുകൾക്ക് പരിക്കുകളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. അധികാരികൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു. ഒറാക്കിള്‍ കെട്ടിടത്തിന്റെ പുറംഭാഗത്ത് ഡ്രോൺ അവശിഷ്‌ടം പതിച്ച സംഭവത്തിലും ആർക്കും പരിക്കില്ല. പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ തകർന്ന ഡ്രോണിന്റെ അവശിഷ്‌ടമാണ് പതിച്ചതെന്നാണ് വിവരം. അതേസമയം, ഒറാക്കിളിനെ ലക്ഷ്യമാക്കി ആക്രമണമുണ്ടായെന്ന റിപ്പോർട്ടുകളിൽ വസ്തുതയില്ലെന്ന് അധികൃതർ അറിയിച്ചു.
വെള്ളി പകല്‍ അബുദാബി ഹബ്ഷാന്‍ ഗ്യാസ് കോംപ്ലക്‌സിലുണ്ടായ ആക്രമണത്തില്‍ ഈജിപ്ഷ്യന്‍ പൗരന്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അബുദാബി മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. പ്ലാന്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അബുദാബിയിലെ അജ്ബാന്‍ മേഖലയില്‍ കഴിഞ്ഞ ദിവസം മിസൈലുകള്‍ തകര്‍ക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ വീണ് 12 പേര്‍ക്ക് പരിക്കേറ്റിരുന്നു. ആറ് ഇന്ത്യക്കാര്‍ക്കും ആറ് നേപ്പാള്‍ സ്വദേശികള്‍ക്കുമാണ് പരിക്ക്. അജ്ബാനിലെയും ഹബ്ഷാനിലെയും ആക്രമണത്തെ അറബ് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് അഹമ്മദ് അല്‍ യമാഹി ശക്തമായി അപലപിച്ചു. ജനവാസ മേഖലകളെയും നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യംവച്ചുള്ള നീക്കങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. യുഎഇ വ്യോമ പ്രതിരോധ സംവിധാനം ശനിയാഴ്ച 23 ബാലിസ്റ്റിക് മിസൈലും 56 ഡ്രോണും വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി 28 മുതൽ ആരംഭിച്ച ആക്രമണങ്ങളിൽ ഇതുവരെ 498 ബാലിസ്റ്റിക് മിസൈലും 23 ക്രൂസ് മിസൈലും 2141 ഡ്രോണും യുഎഇ തടഞ്ഞിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ, മാര്‍ച്ച് മൂന്നിന് റിയാദിലെ യുഎസ് എംബസിക്കു നേരെയുണ്ടായ ഇറാന്‍ ഡ്രോണ്‍ ആക്രമണത്തില്‍ വന്‍ നാശനഷ്ടമുണ്ടായതായി ദ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എംബസിയിലുണ്ടായ തീപിടിത്തം മണിക്കൂറുകളോളം നീണ്ടുനിന്നു. വലിയ നാശനഷ്ടം വരുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അവകാശപ്പെട്ടു. ആക്രമണം ഇസ്രയേല്‍ ആസൂത്രണം ചെയ്തതാണെന്നും അവർ വ്യക്തമാക്കി. അതേസമയം, സിവിലിയന്‍ കേന്ദ്രങ്ങളെയും ഊര്‍ജനിലയങ്ങളെയും ലക്ഷ്യംവച്ചുള്ള ഇറാന്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ യുഎൻ അടിയന്തരമായി ഇടപെടണമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ആവശ്യപ്പെട്ടു.










0 comments