ക്യുആർ കോഡിലൂടെ വിവരം ചോർത്തൽ വർധിക്കുന്നു

ദിലീപ് സി എൻ എൻ
Published on May 01, 2025, 03:36 PM | 1 min read
ദുബായ്: ക്യുആർ കോഡുകൾ ഉപയോഗി ച്ച് വ്യക്തിഗത വിവരങ്ങളും സാമ്പത്തിക വിവരങ്ങളും ചോർത്തുന്ന തട്ടിപ്പുകൾ വർധിച്ചു വരുന്നുവെന്ന മുന്നറിയിപ്പുമായി യു എഇ സൈബർ രക്ഷാസമിതി. നിയമാനുസൃതമായ സേവനങ്ങളുടെ മറവിൽ സംശയാസ്‌പദമായ വെബ്സൈറ്റുകളിലേക്ക് ഉപയോക്താക്കളെ എത്തിച്ചശേഷം നിർണായക വിവരങ്ങൾ ചോർത്തുന്നതാണ് തട്ടിപ്പിന്റെ രീതിയെന്നും മുന്നറിയിപ്പിലുണ്ട്. ഇത്തരം ക്യുആർ കോഡുകളുടെ ആധികാരികത പരിശോധിക്കാതെ അവ സ്കാൻ ചെയ്യരുതെന്നും സമിതി ഉപയോക്താക്കളോട നിർദേശിച്ചു.
പൊതുസ്ഥലങ്ങളിൽ കാണുന്ന ക്യുആർ കോഡ് സ്റ്റിക്കറുകളെ കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. സൈബർ കുറ്റവാളികൾ പൊതു ഇടങ്ങളിലെ
സൈൻ പോസ്റ്റുകളിൽ ഉൾപ്പെടെ ക്യുആർ കോഡ് സ്റ്റിക്കറുകൾ സ്ഥാപിക്കുന്നുണ്ട്. ഇതിലൂടെ ആളുകളെ തട്ടിപ്പിൽ വീഴ്ത്താനും അവരുടെ ഉപകരണങ്ങളും അക്കൗണ്ടുകളും സ്വകാര്യ വിവരങ്ങളും അപഹരിക്കാൻ കഴിവുള്ള അപകടകരമായ സൈറ്റുകളിലേക്ക് തിരിച്ചുവിട്ട് വിവരങ്ങൾ ചോർത്താനും ലക്ഷ്യമിട്ടുള്ളതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
വിശ്വസനീയമായ സ്ഥലങ്ങ ളിൽ മാത്രമുള്ള ക്യുആർ കോഡുകൾ ഉപയോഗിക്കുക, കോഡ് സ്‌കാൻ ചെയ്ത് ലിങ്ക് തുറക്കുന്നതിനുമുമ്പ് യുആർഎൽ ശ്രദ്ധാ പൂർവം പരിശോധിക്കുക, പ്രത്യേകിച്ച് 'https'യിൽ തുടങ്ങാത്ത ലിങ്കുകളാണോ എന്നത് പ്രത്യേകം ഉറപ്പിക്കുക എന്നിവയിലൂടെ തട്ടിപ്പ് തടയാം. കൂടാതെ, വിശ്വസനീയമായ ലിങ്ക് പരിശോധന ആപ്പുകൾ ഉപയോഗിച്ചാൽ തട്ടിപ്പ് വേഗത്തിൽ മനസ്സിലാക്കാനും സാധിക്കും. ഫോണികളിലെ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
തട്ടിപ്പിന് ഇരയായി എന്ന് ബോധ്യപ്പെട്ടാൽ സ്വീകരിക്കേണ്ട നടപടികളെപ്പറ്റിയും നിർദേശങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെട്ട കാർഡുകൾ മരവിപ്പിക്കണം, വിശ്വസനീയമായ ആന്റി വൈറസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഉപകരണം സ്കാൻ ചെയ്യണം, ബാങ്കുമായി ബന്ധപ്പെട്ട എല്ലാ പാസ്‌വേഡുകളും മാറ്റണം, ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകണം തുടങ്ങിയവയാണ് നിർദേശത്തിലുള്ളത്.










0 comments