ad
Deshabhimani

സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം: സ്വദേശി തൊഴിലാളികൾക്ക് മിനിമം വേതന ഭേദഗതി കരട് സമർപ്പിച്ചു

indigenization
വെബ് ഡെസ്ക്

Published on Aug 30, 2025, 01:09 PM | 1 min read

കുവൈത്ത് സിറ്റി : 2010ലെ ആറാം നമ്പർ തൊഴിൽനിയമത്തിലെ ആർട്ടിക്കിൾ 63 ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിയമം മന്ത്രിസഭയ്ക്ക് സമർപ്പിച്ചതായി പൊതുമാനവശേഷി അതോറിറ്റിയിലെ പൊതുജന ബന്ധ–മാധ്യമ വകുപ്പ് ഡയറക്ടർ മുഹമ്മദ് അൽ-മുസൈനി അറിയിച്ചു. പണപ്പെരുപ്പ നിരക്കും ബന്ധപ്പെട്ട അധികാരികളുമായുള്ള ആലോചനയും അടിസ്ഥാനമാക്കി സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികൾക്ക് അഞ്ച് വർഷത്തിലൊരിക്കൽ മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്നതാണ് ഭേദഗതിയുടെ പ്രധാന നിർദ്ദേശം. കുവൈത്ത് വിഷൻ 2035 പ്രകാരമുള്ള സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾക്കൊപ്പം സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശികളെ ഉൾപ്പെടുത്തുന്നതിനുള്ള നടപടികളിലൊന്നായിട്ടാണ് ഇത് കൊണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.


സ്വദേശിവൽക്കരണ നിരക്കുകൾ ഉയർത്തുക, നിയമലംഘനങ്ങൾക്ക് കർശന ശിക്ഷകൾ നടപ്പിലാക്കുക, ചില തൊഴിൽ മേഖലകൾ സ്വദേശികൾക്ക് മാത്രം പരിമിതപ്പെടുത്തുക, സ്വദേശി യുവാക്കളെ സ്വകാര്യ മേഖല ജോലികൾക്കായി സജ്ജമാക്കാൻ പ്രത്യേക പരിശീലന പരിപാടികൾ അവതരിപ്പിക്കുക എന്നീ നടപടികളും പൊതുമാനവശേഷി അതോറിറ്റി മുന്നോട്ടുവയ്ക്കുന്നുണ്ട്. കൂടാതെ, സ്വദേശികൾക്ക് ലഭ്യമായ തൊഴിൽ മേഖലകളിൽ പ്രവാസികളെ നിയമിക്കുന്നതിനുള്ള ഫീസ് വർദ്ധിപ്പിക്കാനും ദേശീയ തൊഴിലാളികൾക്ക് കൂടുതൽ പിന്തുണയും ആനുകൂല്യങ്ങളും നൽകിക്കൊണ്ട് സ്വകാര്യ മേഖലയിൽ തൊഴിൽ പ്രോത്സാഹിപ്പിക്കാനുമായി പ്രത്യേക പഠനം പൊതുമാനവശേഷി അതോറിറ്റി സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


അതേസമയം, സ്വദേശിവൽക്കരണം സൂക്ഷ്മമായി നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി. പ്രവാസി നിയമന ഫീസ് വിദേശ തൊഴിലാളികളുടെ എണ്ണവുമായി ബന്ധിപ്പിക്കുന്നത് സ്വദേശികളെ നിയമിക്കുന്നതിനെ സ്ഥാപനങ്ങൾക്ക് കൂടുതൽ ആകർഷകമാക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു. പൗരന്മാർക്ക് ഗുണമേന്മയുള്ള തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും തൊഴിൽ വിപണിയിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും സ്വദേശിവൽക്കരണം നിർണായകമാണെന്ന് അവർ കൂട്ടിച്ചേർത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home