ad
Deshabhimani

കുവൈത്തില്‍ ജല-വൈദ്യുത പ്ലാന്റിന് നേരെ ആക്രമണം; ഇന്ത്യന്‍ തൊഴിലാളി കൊല്ലപ്പെട്ടു

death

പ്രതീകാത്മക ചിത്രം

avatar
അനസ് യാസിന്‍

Published on Mar 30, 2026, 09:01 PM | 2 min read

മനാമ: കുവൈത്തിലെ തന്ത്രപ്രധാനമായ ജല, വൈദ്യുത പ്ലാന്റിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ പ്ലാന്റില്‍ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനായ പ്രവാസി തൊഴിലാളി കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ പവര്‍ ആന്റ് ഡീസലൈനേഷന്‍ പ്ലാന്റിലെ സര്‍വീസ് കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കുന അറിയിച്ചു. പ്ലാന്റിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി കുവൈത്ത് ഊര്‍ജ്ജ-ജല മന്ത്രാലയം സ്ഥിരീകരിച്ചു.


കുവൈത്തിലെ കുടിവെള്ള വിതരണത്തിന്റെ 90 ശതമാനവും ഇത്തരം പ്ലാന്റുകളെ ആശ്രയിച്ചാണെന്നിരിക്കെ ഈ ആക്രമണം ആശങ്ക ഉയര്‍ത്തി. മരിച്ച തൊഴിലാളിയുടെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.


കുവൈത്ത് നാഷണല്‍ ഗാര്‍ഡ് തിങ്കളാഴ്ച മാത്രം അഞ്ച് ഡ്രോണുകള്‍ തങ്ങളുടെ ആകാശപരിധിയില്‍ വെടിവെച്ചിട്ടു. ഫെബ്രുവരി 28-ന് ആരംഭിച്ച സംഘര്‍ഷത്തിന് ശേഷം ഇതുവരെ 309 ബാലിസ്റ്റിക് മിസൈലുകളും 616 ഡ്രോണുകളുമാണ് കുവൈത്ത് പ്രതിരോധ സേന തകര്‍ത്തത്.

ഞായറാഴ്ച സൈനിക ക്യാമ്പിനെ ലക്ഷ്യമാക്കി നടന്ന ആക്രമണത്തില്‍ പത്തു സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ഈ ആക്രമണത്തില്‍ ക്യാമ്പിലെ കെട്ടിടങ്ങള്‍ക്കും ഒരു സ്വകാര്യ ലോജിസ്റ്റിക് കമ്പനിയുടെ വെയര്‍ഹൗസിനും നാശനഷ്ടങ്ങള്‍ സംഭവിച്ചു.


യുഎഇക്ക് നേരെയും തിങ്കളാഴ്ച അതിശക്തമായ ആക്രമണമുണ്ടായി. ഇറാനില്‍ നിന്ന് തൊടുത്തുവിട്ട 11 ബാലിസ്റ്റിക് മിസൈലുകളും 27 ഡ്രോണുകളും വിജയകരമായി തകര്‍ത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ഇതുവരെ 425 ബാലിസ്റ്റിക് മിസൈലുകളും 1,941 ഡ്രോണുകളുമാണ് യുഎഇ പ്രതിരോധിച്ചത്.


സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയെ ലക്ഷ്യമാക്കി വന്ന ക്രൂയിസ് മിസൈലും അഞ്ച് ഡ്രോണുകളും സൗദി സൈന്യം വെടിവെച്ചിട്ടു. മേഖലയിലെ എണ്ണ ഉല്‍പ്പാദനത്തെ ബാധിക്കാനുള്ള നീക്കമാണിതെന്ന് സൗദി പ്രതിരോധ മന്ത്രാലയം പ്രസ്താവിച്ചു. ഒമാനിലെ ദുക്കം, സലാല തുറമുഖങ്ങള്‍ക്ക് സമീപം ഇറാന്റെ ഡ്രോണുകള്‍ കണ്ടെത്തിയതായും ഇതില്‍ ചിലത് ഒമാന്‍ റോയല്‍ എയര്‍ഫോഴ്‌സ് വെടിവെച്ചിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഖത്തറിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലുള്ള ഖത്തര്‍ എനര്‍ജിയുടെ എല്‍എന്‍ജി പ്ലാന്റുകള്‍ക്ക് നേരെ മിസൈല്‍ ഭീഷണി നിലനില്‍ക്കുന്നു. ബഹ്‌റൈനില്‍ ഇതുവരെ 182 മിസൈലുകളും 398 ഡ്രോണുകളും തകര്‍ത്തതായി പ്രതിരോ സേന അറിയിച്ചു. ജോര്‍ദാനില്‍ ഒരു മിസൈലും രണ്ട് ഡ്രോണുകളും തകര്‍ത്തതായും അവശിഷ്ടങ്ങള്‍ വീണ് 26 ഓളം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും ജോര്‍ദാന്‍ സായുധ സേന വ്യക്തമാക്കി.


അതേസമയം, റിയാദിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസിന് നേരെ വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ 15 അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റതായി അമേരിക്ക സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ യുഎസ് വ്യോമസേനയുടെ ഏറ്റവും അത്യാധുനികമായ 'ഇ-3 സെന്‍ട്രി' (ഋ3 ടലിൃ്യേ) നിരീക്ഷണ വിമാനം പൂര്‍ണ്ണമായും തകര്‍ന്നു. ഇന്ധനം നിറയ്ക്കുന്ന രണ്ട് 'കെസി-135' വിമാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ആക്രമണത്തിന് മുന്നോടിയായി റഷ്യന്‍ സാറ്റലൈറ്റുകള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഇറാനു കൈമാറിയതായി ഉക്രേനിയന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ആരോപിച്ചു.


എന്നാല്‍ കുവൈറ്റിലെ പ്ലാന്റിന് നേരെയുള്ള ആക്രമണത്തിന് പിന്നില്‍ ഇസ്രായേലാണെന്ന് ഇറാന്റെ ഖാതം അല്‍ അന്‍ബിയ വിഭാഗം ആരോപിച്ചു. ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളെ തിരിച്ചുവിടാനുള്ള തന്ത്രമാണിതെന്ന് അവര്‍ അവകാശപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home