ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ഫെയർ

മനാമ: ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐസ്ബി) പ്ലാറ്റിനം ജൂബിലി ഫെയർ വ്യാഴാഴ്ച തുടങ്ങും. വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകിട്ട് ആറു മുതൽ രാത്രി 10.30 വരെ ഇസ ടൗൺ കാമ്പസിലാണ് പ്ലാറ്റിനം ജൂബിലി വാർഷിക സാംസ്‌കാരിക മേള നടക്കുന്നത്. വ്യാഴാഴ്ച പ്രശസ്ത സംഗീതജ്ഞനും സംഗീതസംവിധായകനുമായ സ്റ്റീഫൻ ദേവസ്സിയും സംഘവും അവതരിപ്പിക്കുന്ന തത്സമയ സംഗീത കച്ചേരിയോടെ ആഘോഷങ്ങൾ ആരംഭിക്കും. വെള്ളിയാഴ്ച വിദ്യാർഥികളുടെ സാംസ്‌കാരിക പരിപാടികളോടെ ആഘോഷങ്ങൾ തുടരും. തുടർന്ന് പ്രശസ്ത പിന്നണി ഗായിക രൂപാലി ജഗ്ഗ നയിക്കുന്ന സംഗീത സായാഹ്നം അരങ്ങേറും. ഗായകൻ അഭിഷേക് സോണിയും സംഘവും അകമ്പടിയേകും.
ഫെയറിൽ എംജി കാർ ഉൾപ്പെടെ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ഒട്ടേറെ സമ്മാനങ്ങളാണ്. റാഫിൾ ഡ്രോയിൽ ശ്രദ്ധേയമായ സമ്മാനങ്ങളുടെ നിര ഒരുക്കിയിട്ടുണ്ട്. ഒരു വർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഒരു പ്രധാന ആകർഷണമായിരിക്കും ഇന്ത്യൻ സ്‌കൂൾ മേള. ജനുവരി 18 ന് മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ചട്ടങ്ങൾ പാലിച്ച് റാഫിൾ നറുക്കെടുപ്പ് നടക്കും. മേളയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങൾ നടക്കുന്നുവരുന്നു. ലോജിസ്റ്റിക്‌സ്, പ്രോഗ്രാമുകൾ, സ്‌പോൺസർഷിപ്പുകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കമ്മിറ്റികൾ സജീവമായി പ്രവർത്തിച്ചു വരുന്നു.
അധ്യാപക വിദ്യാർഥി ക്ഷേമ സംരംഭങ്ങൾക്കായാണ് മേള സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി മേള വിജയമാക്കാൻ ഏവരുടെയും സഹകരണവും പിന്തുണയും ഉണ്ടാവണമെന്ന് സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, മേളയുടെ ജനറൽ കൺവീനർ ആർ രമേഷ് എന്നിവർ സന്ദേശത്തിൽ അഭ്യർത്ഥിച്ചു. സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിലെ ഒരു ചരിത്രപരമായ നാഴികക്കല്ലാണ് ഈ പരിപാടി. മാതാപിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ, പൊതുജനങ്ങൾ എന്നിവരെ വലിയ തോതിൽ ആഘോഷങ്ങളിൽ പങ്കുചേരാനും അവർ ക്ഷണിച്ചു. ഫെയർ അവിസ്മരണീയമായ ഒരു സാംസ്‌കാരിക അനുഭവമാക്കി മാറ്റുാൻആവശ്യമായ എല്ലാ ക്രമീകരണങ്ങളും സ്വീകരിച്ചതായും അറിയിച്ചു. 2 ദിനാർ വരുന്ന പ്രവേശന കൂപ്പണുകൾ സ്‌കൂൾ ഓഫീസിലും സംഘാടക സമിതിയിലും ലഭ്യമാവും.










0 comments