ad
Deshabhimani

ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ജിസാനിൽ

jizan
വെബ് ഡെസ്ക്

Published on Dec 17, 2025, 04:15 PM | 1 min read

ജിസാൻ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് വൈകുന്നേരം ജിസാനിലെത്തി. ജിസാൻ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന ചടങ്ങിൽ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗങ്ങളായ ഷംസു പൂക്കോട്ടൂർ, താഹ കൊല്ലേത്ത്, ഡോ. സെയിദ് കാഷിഫ് എന്നിവരും ജിസാൻ ഗവർണറേറ്റ് പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. ജിസാൻ ഗവർണർ മുഹമ്മദ് ബിൻ അബ്‌ദുൾ അസീസ് അൽസൗദ് രാജകുമാരനുമായും ജിസാനിലെ മറ്റു സൗദി ഉന്നത തല മേധാവികളുമായും കൂടിക്കാഴ്ചകൾ നടത്തും.


ബെയിഷ് ജിസാൻ എക്കണോമിക് സിറ്റിയിൽ വ്യാഴാഴ്‌ച്ച രാവിലെ നടക്കുന്ന സൗദി പ്രതിനിധികളുടെ യോഗത്തിൽ എക്കണോമിക് സിറ്റി പ്രസിഡൻറ് ഡോ. ഹുസൈൻ ബിൻ യഹിയ ഫദ്‌ലിയുമായി ചർച്ചകൾ നടത്തും. ജിസാൻ മുനിസിപ്പാലിറ്റിയിൽ ജിസാൻ സിറ്റി മേയർ എഞ്ചിനീയർ യഹിയ ബിൻ ജാബിർ അൽഗസ്വാനി, ജിസാൻ ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അബുഹാദി, ജിസാൻ സർവകലാശാല പ്രസിഡൻറ് ഡോ. മുഹമ്മദ് ബിൻ ഹസ്സൻ അബുറാസൈൻ എന്നിവരുമായി കൂടിക്കാഴ്ച്ചകൾ നടത്തും. ജിസാൻ ഗവർണർ മുഹമ്മദ് ബിൻ അബ്‌ദുൾ അസീസ് അൽസൗദ് രാജകുമാരനുമായി ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ജിസാൻ ഗവർണറേറ്റിൽ കൂടിക്കാഴ്ച്ച ഒരുക്കിയിട്ടുണ്ട്. ജിസാനിലെ പ്രവാസി ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം വൈകുന്നേരം അഞ്ചു മണിയ്ക്ക് റാഡിസൺ ബ്ലൂ ഹോട്ടൽ ഹാളിൽ നടക്കും. ജിസാനിൽ രാത്രി എട്ടിന് നടക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ സാംസ്‌കാരിക പരിപാടിയിലും അദ്ദേഹം സംബന്ധിക്കും.


വെള്ളിയാഴ്ച്ച ഫറസാൻ ദ്വീപ് സന്ദർശിച്ച ശേഷം രാത്രി ഖുൻഫുദയിൽ നടക്കുന്ന ഇന്ത്യൻ സമൂഹത്തിൻറെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. പ്രവാസി ഇന്ത്യക്കാർക്കിടയിലെ ബന്ധം ശക്തിപ്പെടുത്താനും സൗദിയുമായുള്ള സാംസ്കാരിക വിദ്യാഭ്യാസ വിനിമയം പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കാനുമുള്ള ചർച്ചകൾ നടത്തുകയും ഇന്ത്യൻ സമൂഹത്തിന്റെ പ്രശ്‌നങ്ങളും ആവശ്യങ്ങളും നേരിട്ടറിയുകയുമാണ് സന്ദർശനത്തിൻറെ പ്രധാന ലക്ഷ്യമെന്ന് കോൺസൽ ജനറൽ പറഞ്ഞു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home