സ്കൂളുകളും സർവകലാശാലകളും സജ്ജം: യുഎഇയിൽ നേരിട്ടുള്ള ക്ലാസുകൾ നാളെ മുതൽ പുനരാരംഭിക്കും

ദുബായ്: യുഎഇയിലെ സ്കൂളുകൾ, സർവകലാശാലകൾ, നഴ്‌സറികൾ എന്നിവയിൽ നാളെ മുതൽ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കും. മേഖലയിലെ സംഘർഷാവസ്ഥയും സുരക്ഷാ മുന്നറിയിപ്പുകളും പരിഗണിച്ച് മെയ് 5 മുതൽ 8 വരെ ക്ലാസുകൾ ഓൺലൈൻ രീതിയിലേക്ക് മാറ്റിയിരുന്നു. അക്കാദമിക് ചട്ടക്കൂടുകൾ പാലിച്ച് പരീക്ഷകളും നേരിട്ടുതന്നെ (In-person) നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
സുരക്ഷാ വകുപ്പുകളുമായി ചേർന്ന് സാഹചര്യം വിലയിരുത്തിയ ശേഷമാണ് ക്ലാസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്. സുരക്ഷാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും കർശനമായി പാലിച്ചായിരിക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയെന്നും അധികൃതർ അറിയിച്ചു. ഭാവിയിൽ എന്ത് സാഹചര്യമുണ്ടായാലും പഠനം തടസ്സപ്പെടാതിരിക്കാൻ ഓൺലൈൻ പഠന സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.
വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും, ഔദ്യോഗിക ചാനലുകൾ വഴിയുള്ള അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അറിയിച്ചു.











0 comments