ഹോർമുസ് പ്രതിസന്ധി; ബദൽ പാതകൾ തേടി കുവൈത്ത്

കുവൈത്ത് സിറ്റി : ഹോർമുസ് കടലിടുക്കിലെ സംഘർഷം സമുദ്രഗതാഗതത്തെ ബാധിക്കുകയും ചരക്കുനീക്ക ചെലവ് കുത്തനെ ഉയരുകയും ചെയ്ത സാഹചര്യത്തിൽ രാജ്യത്തേക്കുള്ള സാധനങ്ങളുടെ വിതരണം തടസ്സപ്പെടാതിരിക്കാൻ ബദൽ കപ്പൽ പാതകൾ തേടി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. വിലവർധനയുടെ അധികഭാരം ഉപയോക്താക്കളിലേക്ക് എത്തുന്നത് പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം. സ്ഥിതിഗതികൾ കപ്പൽ സർവീസുകളെ എങ്ങനെ ബാധിക്കുന്നുവെന്ന് വിലയിരുത്താനായി മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ- ഉപഭോക്തൃ സംരക്ഷണ വിഭാഗം ബുധനാഴ-്‌ച കപ്പൽ കമ്പനികളുടെ പ്രതിനിധികളുമായി ചർച്ച നടത്തി.
നിലവിലെ സാഹചര്യം കപ്പൽ ഗതാഗതം, ഇൻഷുറൻസ്, ലോജിസ്റ്റിക് സേവനങ്ങൾ എന്നിവയുടെ ചെലവിൽ ഗണ്യമായ വർധനയുണ്ടാക്കി. ഇതോടെ കുവൈത്തിലേക്ക് സാധനങ്ങൾ എത്തിക്കാനുള്ള മൊത്തം ചെലവ് ഉയർന്നതായും വകുപ്പ് ഡയറക്ടർ ഫൈസൽ അൽ അൻസാരി പറഞ്ഞു. കണ്ടെയ്‌നർ നിരക്കുകളിലും വലിയ വർധനയുണ്ടായി. ബദൽ കപ്പൽ പാതകളും തുറമുഖങ്ങളും ഉപയോഗിക്കാനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണ്. ആവശ്യമെങ്കിൽ വിവിധ ജിസിസി രാജ്യങ്ങളിലെ തുറമുഖങ്ങൾ വഴി കണ്ടെയ്‌നറുകൾ സ്വീകരിച്ച് കുവൈത്തിലേക്ക് എത്തിക്കുന്ന സംവിധാനവും പരിഗണനയിലുണ്ട്.
ബദൽ സംവിധാനങ്ങൾ ചരക്കുനീക്കത്തിലെ കാലതാമസവും അധിക ചെലവും കുറയ്ക്കുന്നതിനൊപ്പം രാജ്യത്തേക്കുള്ള സാധനങ്ങളുടെ ഒഴുക്ക് തടസമില്ലാതെ തുടരാനും സഹായിക്കുമെന്ന് അൽ അൻസാരി വ്യക്തമാക്കി. വർധിച്ച ഗതാഗത, ലോജിസ്റ്റിക് ചെലവുകളുടെ ആഘാതം നിയന്ത്രിക്കാനുള്ള നടപടികൾ മന്ത്രാലയം പഠിക്കും. ഉപയോക്താക്കളെ സംരക്ഷിക്കുക, അന്യായമായ വിലവർധന തടയുക, വിപണിയിൽ അവശ്യവസ്‌തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കുക എന്നിവയ-്‌ക്കാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.










0 comments