ad
Deshabhimani

സുമനസ്സുകളുടെ കൈത്താങ്ങ്; സലാലയിൽ നിയമക്കുരുക്കിലായ പ്രവാസി മകളുടെ വിവാഹത്തിനായി നാട്ടിലെത്തി

flight trivandrum runway.
വെബ് ഡെസ്ക്

Published on Jan 23, 2026, 03:00 PM | 1 min read

സലാല: പ്രവാസലോകത്തെ സുമനസ്സുകളുടെയും സാമൂഹിക പ്രവർത്തകരുടെയും സജീവ ഇടപെടലിലൂടെ ഒമാനിൽ നിയമക്കുരുക്കിലായിരുന്ന പൊന്നാനി സ്വദേശി ഷാഫി മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ സമയബന്ധിതമായി നാട്ടിലെത്തി. ഖത്തറിൽ ജോലി ചെയ്തിരുന്ന ഷാഫി മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് പോകുന്നതിനിടെയുണ്ടായ അപ്രതീക്ഷിത തടസ്സങ്ങളാണ് ഈ പ്രവാസിയുടെ യാത്ര പ്രതിസന്ധിയിലാക്കിയത്. ഒമാനിൽ എത്തിയപ്പോഴാണ് മുൻപുണ്ടായിരുന്ന താമസ കുടിശ്ശികയുമായി ബന്ധപ്പെട്ട ബാധ്യതകൾ കാരണം ഇദ്ദേഹം എയർപോർട്ടിൽ തടയപ്പെട്ടത്. ഇതേത്തുടർന്ന് ഷാഫിക്ക് 14 ദിവസത്തോളം ഒമാനിൽ ജയിൽവാസം അനുഭവിക്കേണ്ടി വന്നു.


വിവരം അറിഞ്ഞയുടൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല പ്രവർത്തകസമിതി അംഗം മണി ചങ്ങരംകുളത്തിന്റെ നേതൃത്വത്തിൽ വിഷയത്തിൽ അടിയന്തരമായി ഇടപെടലുകൾ ആരംഭിച്ചു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സാമൂഹിക പ്രവർത്തകനും 'ആക്സിഡന്റ് ഡിമൈസസ് ഒമാൻ' ഭാരവാഹിയുമായ നജീബ് മൊയ്തീൻ കൊളങ്ങാട്ടിന്റെ നേതൃത്വത്തിലുള്ള സംഘവും ഒപ്പം ചേർന്നു. ഷാഫിയുടെ വലിയ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനായി ആവശ്യമായ തുക കണ്ടെത്തുന്നതിൽ നജീബ് മൊയ്തീനും സഹപ്രവർത്തകരും തുടക്കം മുതൽ നിർണായക പങ്കുവഹിച്ചു.


ബാധ്യതകൾ മുഴുവൻ തീർത്ത് മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ക്രമീകരിച്ചെങ്കിലും എമിഗ്രേഷൻ സംബന്ധമായ ചില നിയമ തടസ്സങ്ങൾ വീണ്ടും ഉയർന്നു വന്നു. തുടർന്ന് സലാലയിലെ ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ കെ സനാതനൻ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും എല്ലാ നിയമ തടസ്സങ്ങളും നീക്കി യാത്ര സുഗമമാക്കുകയും ചെയ്തു.


പിസിഡബ്ലുഎഫ് സലാല കമ്മിറ്റി പ്രസിഡന്റ് കബീർ, മുഹമ്മദ് റാസ്, പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റി, ജബ്ബാർ വെളിയങ്കോട് എന്നിവരുൾപ്പെടെ സജീവമായി സഹകരിച്ചു. പ്രവാസലോകത്തെ ഈ കൂട്ടായ പരിശ്രമത്താൽ മകളുടെ വിവാഹത്തിന് കൃത്യസമയത്ത് നാട്ടിലെത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഷാഫിയും കുടുംബവും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home