സലാലയിൽ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന

സലാല: സലാല നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം വ്യാപകമായ പരിശോധനകൾ നടത്തി. ദോഫാർ മുനിസിപ്പാലിറ്റിയിലെ ഹെൽത്ത് അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ നടന്ന ഈ കർശനമായ പരിശോധനയിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 23 ഭക്ഷണശാലകളും മറ്റ് സ്ഥാപനങ്ങളും ഉദ്യോഗസ്ഥർ അടപ്പിച്ചു.
ശുചിത്വമില്ലായ്മ, ഉൽപന്നങ്ങൾ ശരിയായ രീതിയിൽ സംഭരിക്കാതിരിക്കുക, കാലാവധി കഴിഞ്ഞതോ ഉപയോഗശൂന്യമായതോ ആയ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുക തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് അധികൃതർ നടപടിയെടുത്തത്. നിയമലംഘനം നടത്തിയ മറ്റ് നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും മനുഷ്യോപയോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ കണ്ടുകെട്ടി നശിപ്പിക്കുകയും ചെയ്തു.
ആരോഗ്യ സുരക്ഷാ ചട്ടങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് പോരായ്മകൾ പരിഹരിച്ചാൽ മാത്രമേ വീണ്ടും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുകയുള്ളൂവെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. നിയമലംഘനങ്ങളോ ക്രമക്കേടുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഔദ്യോഗിക ആശയവിനിമയ കേന്ദ്രങ്ങളിലോ നഗരസഭയുടെ മറ്റ് ചാനലുകളിലോ അറിയിക്കണമെന്ന് സ്വദേശികളോടും പ്രവാസികളോടും അധികൃതർ അഭ്യർഥിച്ചു. ഇത്തരം പ്രവർത്തനങ്ങളോട് സഹകരിക്കുന്നത് വഴി പൊതുജനാരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ ഓരോ പൗരനും പങ്കാളികളാകാൻ കഴിയുമെന്നും ഡിപ്പാർട്ട്‌മെന്റ് കൂട്ടിച്ചേർത്തു.











0 comments