ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കം; അറഫ സംഗമം നാളെ

Photo Credit: WIKIPEDIA
മക്ക: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് വിശ്വാസികൾ മിനായിലേക്ക് ഒഴുകിയെത്തിയതോടെ ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമായി. 182 രാജ്യങ്ങളിൽ നിന്നായി 18 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ അറഫാ മൈതാനിയില്‍ സംഗമിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ മുതൽ മിനായിലേക്ക് എത്തിതുടങ്ങിയ തുടങ്ങിയ തീർഥാടകർ തർവിയാ ദിനത്തിലെ രാപ്പാർപ്പ് മിനായിൽ പൂർത്തിയാക്കും. തുടർന്ന് ചൊവ്വാഴ്ച സൂര്യോദയത്തോടെ ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട കർമ്മമായ അറഫാ സംഗമത്തിനായി തീർഥാടകർ അറഫാ മൈതാനിയിലേക്ക് നീങ്ങും.
ചൊവ്വാഴ്ച ഉച്ചയ്ക്ക് നമിറ പള്ളിയിൽ നടക്കുന്ന അറഫാ പ്രഭാഷണത്തോടെ സംഗമം തുടങ്ങും. മദീന മസ്ജിദുന്നബവിയിലെ ഇമാം ഷെയ്ഖ് അബ്ദുറഹ്‌മാൻ അൽ ഹുദൈഫിയാണ് ഇത്തവണത്തെ അറഫാ ഖുതുബ നിർവഹിക്കുക. മലയാളം ഉൾപ്പെടെ 50 ഭാഷകളിൽ ഇത് തത്സമയം സംപ്രേഷണം ചെയ്യും. അസ്തമയത്തോടെ മുസ്ദലിഫയിലേക്ക് നീങ്ങുന്ന തീർഥാടകർ, ബുധനാഴ്ച രാവിലെ മിനായിൽ തിരിച്ചെത്തി ബലി കർമ്മങ്ങളും ജംറകളിലെ കല്ലേറും പൂർത്തിയാക്കുന്നതോടെ ഹജ്ജ് കർമ്മങ്ങൾക്ക് സമാപനമാകും. ബുധനാഴ്ചയാണ് ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. കനത്ത ചൂട് കണക്കിലെടുത്ത് വിപുലമായ സുരക്ഷാ, മെഡിക്കൽ സൗകര്യങ്ങളാണ് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.









0 comments