കുവൈത്തിൽ പുതിയ സൈബർ തട്ടിപ്പ്: ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഉപയോഗിച്ച് പണം കവർച്ച

കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയതരം സൈബർ തട്ടിപ്പ് രീതികൾ വർദ്ധിച്ചുവരുന്നു. സൈബർ തട്ടിപ്പ് സംഘം, ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിലൂടെ ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ കൈവശപ്പെടുത്തി പണം കവർച്ച ചെയ്യുന്നു. വിവിധ വെബ്സൈറ്റുകൾ വഴി ഓൺ ലൈൻ പർചേസ് നടത്തിയവരാണ് തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗവും.കഴിഞ്ഞ ദിവസങ്ങളിൽ, കുവൈത്തിലെ വിവിധ ബാങ്കുകൾക്ക് നിരവധി ഉപഭോക്താക്കളിൽ നിന്നും ഇത്തരത്തിലുള്ള നിരവധി പരാതികളാണ് ലഭിച്ചത്.
ഉപഭോക്താക്കൾ ഓൺലൈൻ പർച്ചേസ് നടത്തുമ്പോൾ, ആദ്യം ഒടിപി(വണ്‍ ടൈം പാസ്വേഡ്) പരാജയപ്പെടുകയും തുടർന്ന് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ വീണ്ടും നൽകാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ വിവരങ്ങൾ ഹാക്കർമാർ സംഭരിച്ച്, വിദേശത്ത് നിന്ന് വ്യാജ ഇടപാടുകൾ നടത്തുന്നു. ഉപഭോക്താക്കൾ നൽകിയ ഒടിപി നമ്പർ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത് എന്നതിനാൽ തങ്ങൾക്ക് ഇതിൽ ബാധ്യത ഇല്ലെന്നും ഇത് കൊണ്ട് തന്നെ ,നഷ്ടപ്പെട്ട പണം തിരികെ നൽകാൻ കഴിയില്ലെന്നുമാണ് പരാതിയുമായി എത്തിയവരോട് ബാങ്ക് അധികൃതർ നൽകിയ മറുപടി
നിത്യ ചെലവുകൾക്ക് ക്രെഡിറ്റ് കാർഡിൽ ഒരു ചെറിയ പരിധി സ്ഥാപിക്കുക. കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്ത പേയ്‌മെന്റുകൾക്കായി കുറഞ്ഞ പരിധി നിശ്ചയിക്കുക,ഗൂഗിൾ പേ, ആപ്പിൾ പേ, സാംസങ് പേ മുതലായ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഒടിപി നമ്പറുകൾ സംശയാസ്പദമാണെങ്കിൽ ശ്രദ്ധിക്കുക.അന്യമായ ഇടപാടുകൾ കണ്ടെത്തിയാൽ, ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെടുക. ഓൺലൈൻ പർച്ചേസുകൾക്കായി വർച്വൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ സൈബർ തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ഉപഭോക്താക്കൾ പാലിക്കേണ്ടത് അത്യാവശ്യമാണ്.










0 comments