ad
Deshabhimani

ഗള്‍ഫ് ഏകീകൃത വിസ ഈ വര്‍ഷം അവസാനം

gcc
avatar
അനസ് യാസിന്‍

Published on Feb 05, 2026, 12:59 PM | 2 min read

മനാമ: ഗള്‍ഫ് രാജ്യങ്ങളിലൂടെയുള്ള യാത്ര ലളിതമാക്കുന്ന ഏകീകൃത ജിസിസി ഗ്രാന്‍ഡ് ടൂര്‍ വിസ ഈ വര്‍ഷം അവസാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട്. യൂറോപ്പിലെ ഷെങ്കന്‍ വിസ മാതൃകയില്‍ ജിസിസിയിലെ സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നിവടങ്ങളിലേക്ക് ഒരൊറ്റ വിസ ഉപയോഗിച്ച് സഞ്ചരിക്കാന്‍ സാധിക്കുന്നതാണ്‌ പദ്ധതി.


ബയോമെട്രിക് സെക്യൂരിറ്റി സിസ്റ്റങ്ങളുടെ ഏകീകരണവും ആറ് രാജ്യങ്ങളിലെയും എമിഗ്രേഷന്‍ ഡാറ്റാബേസുകള്‍ തമ്മിലുള്ള തത്സമയ വിവര കൈമാറ്റവും പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയുടെ പൂര്‍ണ ലോഞ്ച് 2026 അവസാന പാദത്തിലേക്ക് നിശ്ചയിച്ചത്.


വണ്‍ സ്‌റ്റോപ്പ് എമിഗ്രേഷന്‍ സംവിധാനത്തിന്റെ പൈലറ്റ് പ്രൊജക്ട് യുഎഇക്കും ബഹ്‌റൈനുമിടയില്‍ വിജയകരമായി മുന്നേറുന്നുണ്ട്. പുതിയ വിസ നിലവില്‍ വരുന്നതോടെ വിദേശ സഞ്ചാരികള്‍ക്കും ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കും ഓരോ രാജ്യത്തേക്കും പ്രത്യേകമായി വിസ എടുക്കുന്ന സാഹചര്യം ഒഴിവാകും.


30 മുതല്‍ 90 ദിവസംവരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളാണ് പദ്ധതിയില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്. ഡിജിറ്റല്‍ സംവിധാനത്തിലൂടെ മൂന്നുമുതല്‍ ഏഴ്‌ ദിവസത്തിനുള്ളില്‍ വിസാ നടപടി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഏകദേശം 365 മുതല്‍ 550 ദിര്‍ഹംവരെയാകും വിസാനിരക്ക്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലൂടെയുള്ള റോഡ് യാത്രകളും മള്‍ട്ടി സിറ്റി ടൂറുകളും ഈ വിസ എളുപ്പമാകും.


കഴിഞ്ഞ ഡിസംബറിലാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള വണ്‍ സ്‌റ്റോപ്പ് എമിഗ്രേഷന്‍ സംവിധാനത്തിന് തുടക്കമിട്ടത്. ഇതുപ്രകാരം, യുഎഇയില്‍നിന്ന് ബഹ്‌റൈനിലേക്കോ തിരിച്ചോ യാത്ര ചെയ്യുന്നവര്‍ക്ക് രണ്ട് രാജ്യങ്ങളിലും പ്രത്യേകം എമിഗ്രേഷന്‍ പരിശോധനകള്‍ക്ക് നില്‍ക്കേണ്ടതില്ല. യാത്ര പുറപ്പെടുന്ന വിമാനത്താവളത്തില്‍തന്നെ എമിഗ്രേഷന്‍, സെക്യൂരിറ്റി ക്ലിയറന്‍സ് എന്നിവ പൂര്‍ത്തിയാക്കിയാല്‍, ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ വീണ്ടും വരിനില്‍ക്കാതെ പുറത്തേക്ക് കടക്കാം.


ഏകീകൃത വിസ നിലവില്‍ വരുന്നതിന് മുന്നോടിയായി സാങ്കേതിക വിദ്യയും വിവരകൈമാറ്റവും എത്രത്തോളം കൃത്യമാണെന്ന് പരിശോധിക്കാനാണ് യുഎഇയെയും ബഹ്‌റൈനെയും ഇതിനായി തെരഞ്ഞെടുത്തത്. നിലവില്‍ ജിസിസി പൗരന്മാര്‍ക്കും നിശ്ചിത വിഭാഗം പ്രവാസികള്‍ക്കുമാണ് സൗകര്യം മുന്‍ഗണന നല്‍കുന്നത്.


പദ്ധതിയുടെ സാങ്കേതിക ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി 2026 അവസാനത്തോടെ പൈലറ്റ് ഘട്ടം ആരംഭിക്കുമെന്ന് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മറി അടുത്തിടെ വ്യക്തമാക്കിയിരുന്നു. മേഖലയെ ഏകീകൃത ടൂറിസം ഹബ്ബാക്കി മാറ്റാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. നാലുവര്‍ഷത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ പദ്ധതി അവസാന ഘട്ടത്തിലെത്തി. 2030 ഓടെ ഗള്‍ഫ് മേഖലയെ ലോകത്തെ മികച്ച ടൂറിസം ലക്ഷ്യസ്ഥാനമാക്കി മാറ്റാന്‍ വിസ സഹായിക്കുമെന്ന്‌ സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബും നേരത്തേ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.


മേഖലയിലെ പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, എത്തിഹാദ്, ഖത്തര്‍ എയര്‍വേയ്‌സ്, പുതുതായി പ്രവര്‍ത്തനമാരംഭിച്ച സൗദിയുടെ റിയാദ് എയര്‍ എന്നിവ ഇതിനകം വിപുലമായ തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ഒന്നിലധികം ഗള്‍ഫ് നഗരങ്ങളെ ബന്ധിപ്പിച്ചുള്ള പുതിയ വിമാന സര്‍വീസുകളും ടൂര്‍ പാക്കേജുകളും വിമാന കമ്പനികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home