ad
Deshabhimani

ആക്രമണങ്ങൾ പ്രതിരോധിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

Iran drone attack Dubai
വെബ് ഡെസ്ക്

Published on Apr 03, 2026, 04:54 PM | 2 min read

മനാമ/റിയാദ്/ദുബായ് : ഇറാന്‍ ആക്രമണങ്ങളെ വിജയകരമായി ചെറുത്ത് ഗള്‍ഫ് രാജ്യങ്ങള്‍. വ്യാഴാഴ്ച യുഎഇയ്ക്കു നേരെയെത്തിയ 19 ബാലിസ്റ്റിക് മിസൈലും 26 ഡ്രോണും ആകാശത്ത് തകര്‍ത്തതായി പ്രതിരോധ സേന അറിയിച്ചു. ആക്രമണം തുടങ്ങിയതുമുതല്‍ ഇതുവരെ 457 ബാലിസ്റ്റിക് മിസൈലും 2000ൽ അധികം ഡ്രോണും വെടിവച്ചിട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അബുദാബി ഖലീഫ ഇക്കണോമിക് സോണിന് സമീപം മിസൈല്‍ അവശിഷ്ടം പതിച്ച സംഭവത്തിൽ ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.


സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമാക്കി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയ വക്താവ് തുർകി അൽ മൽകി അറിയിച്ചു. അഞ്ച് ഡ്രോണും ഒരു ബാലിസ്റ്റിക് മിസൈലും വ്യാഴാഴ്ച തകര്‍ത്തു. ഇതുവരെ 843 ഡ്രോണും 80 ബാലിസ്റ്റിക് മിസൈലും തകര്‍ത്തു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉയർന്ന ജാഗ്രതയിലാണ് പ്രവർത്തിക്കുന്നത്‌. രാജ്യാതിർത്തികളെയും പ്രധാന പ്രദേശങ്ങളെയും ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം ആക്രമണങ്ങൾ നേരിടാൻ സേന പൂർണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.


ബഹ്‌റൈന്‍ പ്രതിരോധ സേനയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രണ്ട്‌ മിസൈലും 10 ഡ്രോണും വിജയകരമായി തകര്‍ത്തതായി നാഷണല്‍ കമ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു. ഇതുവരെ 188 മിസൈലും 429 ഡ്രോണും വെടിവച്ചിട്ടു. തങ്ങളുടെ ജലാതിര്‍ത്തിയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിനെതിരെ ഖത്തര്‍ ഐക്യരാഷ്ട്രസംഘടനയില്‍ പരാതി നല്‍കി. ബാഗ്‌ദാദിലെ അമേരിക്കന്‍ എംബസിക്കുനേരെ ആക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇറാഖിലുള്ള പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ അമേരിക്ക നിര്‍ദേശിച്ചു.


രാജ്യത്തുള്ള ഇറാൻ സമൂഹം സാമൂഹിക ഘടനയുടെ ഭാഗം: യുഎഇ


ദുബായ് : രാജ്യത്ത്‌ താമസിക്കുന്ന ഇറാൻ സമൂഹം വൈവിധ്യമാർന്ന സാമൂഹിക ഘടനയുടെ ഭാഗമാണെന്ന് യുഎഇ വിദേശമന്ത്രാലയം. അവർ ആദരിക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യുന്നവരാണെന്നും മന്ത്രാലയം പ്രസ്‌താവനയിൽ വ്യക്തമാക്കി. 200ൽ അധികം രാജ്യത്തുനിന്നുള്ള ആളുകൾ യുഎഇയിൽ സഹവസിക്കുന്നുണ്ട്‌. സഹിഷ്ണുത, സഹവർത്തിത്വം, ഉൾക്കൊള്ളൽ എന്നിവയോടുള്ള രാജ്യത്തിന്റെ ദീർഘകാല പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

ഇറാൻ പൗരന്മാരുടെ താമസസ്ഥിതി സംബന്ധിച്ച തെറ്റായ റിപ്പോർട്ടുകൾക്കിടെയാണ്‌ മന്ത്രാലയത്തിന്റെ വിശദീകരണം. രാജ്യത്ത് താമസിക്കുന്ന എല്ലാ ആളുകളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ വ്യക്തമായ നടപടിക്രമം നിലവിലുണ്ടെന്നും മന്ത്രാലയം ഉറപ്പുനൽകി. സുരക്ഷിതവും സ്ഥിരതയുമുള്ള സമൂഹം നിലനിർത്താൻ എല്ലാ താമസക്കാരുടെയും അവകാശം സംരക്ഷിക്കാൻ യുഎഇ പ്രതിബദ്ധമാണെന്നും പ്രസ്‌താവനയിലുണ്ട്‌.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home