ad
Deshabhimani

കുവൈത്തിൽ വ്യാജമദ്യ നിർമാണ വസ്‌തുക്കളുടെ ഗോഡൗൺ കണ്ടെത്തി

counterfeit alcohol
വെബ് ഡെസ്ക്

Published on Aug 26, 2025, 07:23 PM | 1 min read

കുവൈത്ത് സിറ്റി : കുവൈത്തിൽ വ്യാജമദ്യം നിർമിക്കാൻ ഉപയോഗിച്ചിരുന്ന രാസവസ്‌തുക്കൾ സൂക്ഷിച്ച വൻ ഗോഡൗൺ കണ്ടെത്തി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ്‌ ഹവല്ലി ഗവർണറേറ്റിലെ അൽ റായ് പ്രദേശത്ത് ഗോഡൗൺ കണ്ടെത്തിയത്‌. അടുത്തിടെ നടന്ന റെയ്ഡിൽ വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘത്തെ പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഗോഡൗൺ കണ്ടെത്താനായതെന്ന്‌ അധികൃതർ അറിയിച്ചു. രാജ്യത്ത് നിരവധി മരണങ്ങൾക്ക് കാരണമായ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടതാണ്‌ കേന്ദ്രം.


ഈജിപ്ത്‌ പൗരനായ മുഹമ്മദ് അബ്‌ദോയുടെതാണ്‌ ഗോഡൗണെന്ന്‌ സ്ഥിരീകരിച്ചു. നിലവിൽ കുവൈത്തിന് പുറത്തുള്ള ഇയാളെ പിടികൂടാൻ ഈജിപ്‌ത്‌ സുരക്ഷാ ഏജൻസികളുമായി സഹകരിച്ച് നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. 340 കാനുകളിലായി 25 ലിറ്റർ വിഷരാസവസ്തുക്കൾ പിടിച്ചെടുത്തു. സുരക്ഷിതമല്ലാത്ത രീതിയിൽ സൂക്ഷിച്ചിരുന്ന ഇവ തീപിടിത്തം, സ്ഫോടനം, വിഷവാതക ചോർച്ച, പരിസ്ഥിതി മലിനീകരണം തുടങ്ങി ഗുരുതര അപകടങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനയെ അടിയന്തരമായി സ്ഥലത്തെത്തിച്ച് സുരക്ഷ ഉറപ്പാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home