ബഹ്റൈനും കുവൈത്തിനുമെതിരായ ആക്രമണം; അപലപിച്ച് ജിസിസി

റിയാദ്/ദുബായ് : ബഹ്റൈനും കുവൈത്തിനുമെതിരെ ഇറാൻ തുടരുന്ന ആക്രമണ നടപടികളെ ശക്തമായി അപലപിച്ച് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി). മേഖലയുടെ സുരക്ഷയ്‌ക്കും സ്ഥിരതയ്‌ക്കും ഭീഷണിയാകുന്ന അപകടകരമായ പ്രകോപന നടപടികളാണ് ഇവയെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ -ബുദൈവി പറഞ്ഞു. ഗൾഫ് മേഖലയിലെ സമാധാനത്തിന് തിരിച്ചടിയാകുന്ന ഇത്തരം നടപടികൾ പ്രാദേശിക സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാക്കാൻ ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മേഖലയുടെ സുരക്ഷയ്‌ക്കും അംഗരാജ്യങ്ങളുടെ അഖണ്ഡതയ്‌ക്കുമെതിരായ ഏത് തരത്തിലുള്ള ഭീഷണികളെയും ജിസിസി പൂർണമായും തള്ളിക്കളയുന്നു. സുരക്ഷ, പരമാധികാരം, ഭൂപരമായ അഖണ്ഡത എന്നിവ സംരക്ഷിക്കാനായി ഇരുരാജ്യങ്ങളും സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ജിസിസിയുടെ പൂർണ പിന്തുണയുണ്ട്. അംഗരാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിൽ ജിസിസി ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ ആക്രമണം ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണെന്ന് സൗദി വിദേശമന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്‌ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും വ്യക്തമായ ലംഘനമാണിത്. മേഖലയിലെ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഇത്തരം നടപടികൾ ദുർബലപ്പെടുത്തുമെന്നും സൗദി വിദേശമന്ത്രാലയം അറിയിച്ചു.
ബഹ്റൈനും കുവൈത്തിനും ഒപ്പം സൗദി ഉറച്ചുനിൽക്കുന്നു. ഇരുരാജ്യങ്ങളും അവരുടെ സുരക്ഷയും പരമാധികാരവും സ്ഥിരതയും സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ നൽകും. ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോടും കുവൈത്ത് സർക്കാരിനോടും ജനങ്ങളോടും അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും സൗദി വിദേശമന്ത്രാലയം പ്രസ്‌താവനയിൽ വ്യക്തമാക്കി.
ഇരുരാജ്യങ്ങളുടെയും പരമാധികാരത്തിനുനേരെയുള്ള ഗുരുതരമായ കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ് ആക്രമണങ്ങളെന്ന് മന്ത്രാലയം യുഎഇ വിദേശമന്ത്രാലയം. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനായി കുവൈത്തും ബഹ്റൈനും സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും യുഎഇ വ്യക്തമാക്കി.









0 comments