ad
Deshabhimani

ജി 7 ഉച്ചകോടി; ആഗോള സഹകരണം ശക്തിപ്പെടുത്തണം: യുഎഇ പ്രസിഡന്റ്

uae president
വെബ് ഡെസ്ക്

Published on Jun 18, 2026, 04:31 PM | 1 min read

ദുബായ് : ലോക സമാധാനവും സുരക്ഷയും സുസ്ഥിര വികസനവും ഉറപ്പാക്കാൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്‌ അൽ നഹ്യാൻ. ലോകം നേരിടുന്ന വെല്ലുവിളികൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്‌. അവയുടെ പ്രത്യാഘാതം പ്രാദേശിക അതിർത്തികൾക്കപ്പുറത്തേക്കും വ്യാപിക്കുന്നുവെന്നും യുഎഇ പ്രസിഡന്റ് വ്യക്താമക്കി. ഫ്രാൻസിലെ ഏവിയാനിൽ നടന്ന 52–-ാമത് ജി 7 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുകയും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുകയും ചെയ്യുന്ന സ്ഥിരതയാർന്ന സമാധാനമാണ് ലോകത്തിന് ആവശ്യം. വെല്ലുവിളികൾ വർധിക്കുന്ന ആഗോള സാഹചര്യത്തിൽ സംവാദത്തിനും സഹകരണത്തിനും വലിയ പ്രാധാന്യമുണ്ട്‌. രാജ്യത്തിന്റെ അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്താനും നവീകരണത്തിലും പ്രതിരോധശേഷിയിലും നിക്ഷേപം വർധിപ്പിക്കാനുമുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ്‌ ഉച്ചകോടിയിലെ യുഎഇയുടെ പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു.


​സമീപകാലത്ത് യുഎഇയെ ലക്ഷ്യമിട്ട ഭീഷണികളിൽ അന്താരാഷ്ട്ര സമൂഹം നൽകിയ പിന്തുണയ്ക്ക്‌ പ്രസിഡന്റ്‌ നന്ദി അറിയിച്ചു. ​ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് അദ്ദേഹം നന്ദി അറിയിച്ചു.


ഉച്ചകോടിയിൽ ഉക്രയ്ൻ, പശ്‌ചിമേഷ്യൻ പ്രതിസന്ധികൾ പ്രധാന ചർച്ചാവിഷയമായി. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി ഉക്രയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയും ഉച്ചകോടിയിൽ പങ്കെടുത്തു.


ഹോർമുസ് കടലിടുക്കിലെ എണ്ണവ്യാപാരം പുനഃസ്ഥാപിക്കാനുള്ള ചർച്ചകളും സജീവമായി. ​ഫ്രാൻസ്, അമേരിക്ക, ബ്രിട്ടൻ, ഇറ്റലി, ജർമനി, കാനഡ, ജപ്പാൻ എന്നീ ജി 7 രാജ്യങ്ങളിലെ നേതാക്കളോടൊപ്പം ഈജിപ്ത്, ഖത്തർ നേതാക്കളും പ്രത്യേക ക്ഷണിതാക്കളായി എത്തി. അതേസമയം, ജനീവയിലെ യുഎൻ ആസ്ഥാനത്തിന് സമീപം പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇരുപതിനായിരത്തോളം പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. സാമ്രാജത്വവിരുദ്ധ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home