ബഹ്റൈനില്‍ ഇന്ധനവില വര്‍ധിപ്പിച്ചു

മനാമ: ബഹ്റൈനിലെ പെട്രോള്‍, ഡീസല്‍ വില വര്‍ധന ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നതായി അധികൃതർ. പുതുക്കിയ പട്ടിക പ്രകാരം സൂപ്പര്‍ 98 ഒക്‌ടേന്‍ പെട്രോൾ ലിറ്ററിന് 265 ഫില്‍സാണ് വില. പ്രീമിയം 95 ഒക്‌ടേന് 235 ഫില്‍സായും റെഗുലര്‍ 91ന് 220 ഫില്‍സായും വില വര്‍ധിപ്പിച്ചു. ഡീസല്‍ ലിറ്ററിന് 200 ഫില്‍സായിരിക്കും ഇനിമുതല്‍ ഈടാക്കുക.
രാജ്യത്തെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ആഭ്യന്തര വിപണിയെ സജ്ജമാക്കുന്നതിനുമാണ് വർധനയെന്ന് അധികൃതർ അറിയിച്ചു. ആഗോള വിപണിയിലെ വിലനിലവാരത്തിന് അനുസൃതമായി ഇന്ധനവില നിശ്ചയിക്കാനുള്ള പുതിയ പ്രതിമാസ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വർധന. ഇന്ധനവില നിശ്ചയിക്കാനും നിരീക്ഷിക്കാനുമായി രൂപീകരിച്ച പ്രത്യേക സമിതിയാണ് പുതിയ നിരക്കുകള്‍ക്ക് അംഗീകാരം നല്‍കിയത്.
അതേസമയം, രാജ്യത്തെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന ഡീസല്‍ സബ്സിഡി മാറ്റമില്ലാതെ തുടരുമെന്ന് സമിതി അറിയിച്ചു. പെട്രോള്‍ വില വര്‍ധന പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി തിങ്കൾ രാത്രി രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വരും മാസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയ്ക്ക് അനുസൃതമായി ഓരോ മാസവും ഇന്ധന നിരക്കുകളില്‍ മാറ്റം വന്നേക്കാം. ഇന്ധനവില വര്‍ധനയ്ക്ക് പുറമെ, രാജ്യത്തെ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള പ്രകൃതിവാതക വിലയിലും വൈദ്യുതി, -ജല നിരക്കുകളിലും വരും വര്‍ഷങ്ങളില്‍ ഘട്ടംഘട്ടമായ വര്‍ധന ഉണ്ടാകുമെന്ന് സര്‍ക്കാര്‍ നേരത്തെ സൂചന നല്‍കിയിരുന്നു.










0 comments