പുതുയാത്രകൾ അതിവേഗം; ദുബായിൽ പറക്കും ടാക്‌സി പരീക്ഷണ പറക്കൽ പൂർത്തീകരിച്ചു


സ്വന്തം ലേഖകൻ
Published on Nov 13, 2025, 11:48 AM | 1 min read
ദുബായ് : ദുബായുടെ പുതിയകാല യാത്രകൾക്ക് അതിവേഗം പകരാൻ സാധ്യതകളുടെ ചിറകുവിരിച്ച് പറക്കും ടാക്‌സി പരീക്ഷണ പറക്കൽ പൂർത്തീകരിച്ചു. അടുത്ത വർഷം സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി, പൈലറ്റുള്ള ആദ്യ പറക്കും ടാക്സി മാർഗാമിൽനിന്ന് പറന്നുയർന്നു. ദുബായ് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു ലാൻഡിങ്. ചരിത്രനിമിഷത്തിന്റെ ചിത്രം ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ് അക്കൗണ്ടിൽ പങ്കുവച്ചു.
പൂർണമായും ഇലക്‌ട്രികായ ടാക്സി പരിസ്ഥിതി സൗഹൃദവും സുരക്ഷ, വേഗം, സൗകര്യം എന്നിവയിൽ മികവാർന്ന നിലവാരം വാഗ്‌ദാനം ചെയ്യുന്നതുമാണ്. ഏറ്റവും പുതിയ ആഗോള സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടാക്സികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആറ് പ്രൊപ്പല്ലറുകളും നാല് സ്വതന്ത്ര ബാറ്ററി പാക്കുകളും വിമാനത്തിനുണ്ട്. മണിക്കൂറിൽ 160 മുതൽ 320 കിലോമീറ്റർവരെ വേഗതയിൽ പറക്കാനാകും. പൈലറ്റിനൊപ്പം നാല് യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന രീതിയിലാണ് വിമാനത്തിന്റെ രൂപകൽപന.
റോഡ് ശൃംഖല മെച്ചപ്പെടുത്താനായി രൂപകൽപ്പന ചെയ്ത പദ്ധതികൾ, പൊതുഗതാഗത സംവിധാനങ്ങൾ, ഏറിയൽ ടാക്സി സർവീസുകൾ, ദുബായ് വോക്ക് മാസ്റ്റർ പ്ലാനിന്റെ ഭാഗമായ ദ ഫ്യൂച്ചർ ലൂപ്പ് പദ്ധതി എന്നിവയുടെ പുരോഗതി വിലയിരുത്തിയ ശേഷമാണ് പറക്കും ടാക്സി അൽ മക്തൂം വിമാനത്താവളത്തിൽ ലാൻഡിങ് നടത്തിയതെന്ന് ഷെയ്‌ഖ് ഹംദാൻ പറഞ്ഞു.
‘എമിറേറ്റിലെ ഗതാഗത ശൃംഖലകളുമായി പുതിയ ആശയങ്ങൾ സംയോജിപ്പിക്കുകയും കാൽനടക്കാരനും സൈക്ലിസ്റ്റുകൾക്കും സൗഹൃദനഗരമാക്കുകയും ചെയ്യുകയാണ് ദുബായുടെ ലക്ഷ്യം. താമസത്തിനും ജോലിയ്ക്കുമായുള്ള ലോകത്തിലെ ഏറ്റവും അനുയോജ്യ നഗരമാക്കി ദുബായെ മാറ്റാനുള്ള നമ്മുടെ ലക്ഷ്യത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നു’– ഷെയ്‌ഖ് ഹംദാൻ എക്സിൽ കുറിച്ചു. പറക്കും ടാക്സി പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് ദുബായ് റോഡ് ഗതാഗത അതോറിറ്റി ചെയർമാൻ മാത്തർ അൽ തായർ ഷെയ്ഖ് ഹംദാന് വിശദീകരിച്ചു. ജോബി ഏവിയേഷനാണ് പരീക്ഷണ പറക്കൽ സംഘടിപ്പിച്ചത്. പൊതു വ്യോമയാന അതോറിറ്റി, ദുബായ് വ്യോമയാന അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ 2026ൽ എമിറേറ്റിൽ ആദ്യ പറക്കും ടാക്സി സർവീസ് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.










0 comments