വിമാന സര്‍വീസില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ത്യന്‍ ട്രാന്‍സിറ്റ് യാത്രികര്‍ പ്രതിസന്ധിയില്‍

അനസ് യാസിന്‍
Published on Oct 22, 2026, 01:58 PM | 1 min read
മനാമ: ഹൂതി ആക്രമണ ഭീഷണിയെ തുടര്‍ന്ന് സൗദിയിലെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുള്ള 45 ശതമാനത്തോളം സര്‍വീസും റദ്ദാക്കി. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളം 18ന് വീണ്ടും തുറന്നെങ്കിലും സുരക്ഷാ ആശങ്കകളും നിയന്ത്രണങ്ങളും കാരണം കമ്പനികൾ സര്‍വീസ് റദ്ദാക്കുന്നതും വെട്ടിക്കുറക്കുന്നതും തുടരുന്നതായാണ് റിപ്പോർട്ട്. ദുബായ് അടക്കം ഗള്‍ഫ് മേഖലയിലെ പ്രമുഖ വിമാനത്താവളങ്ങളില്‍ സര്‍വീസില്‍ കാലതാമസത്തിന് ഇത് കാരണമാകുന്നു.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ-്‌പ്രസ്, ഇത്തിഹാദ് എന്നിവ ഈ മാസം 24 വരെ റിയാദ്, ജിദ്ദ, ദമ്മാം സര്‍വീസ് നിര്‍ത്തിവച്ചു. ഇന്‍ഡിഗോ 24 വരെ റിയാദ്, ജിദ്ദ, ദമ്മാം, മദീന സര്‍വീസ് റദ്ദാക്കി. ആകാശ എയര്‍ 24 വരെ റിയാദ് സര്‍വീസും 21 വരെ ജിദ്ദ സര്‍വീസും റദ്ദാക്കി. ഫ്‌ളൈ ദുബായ് റിയാദ്, ദമ്മാം, അബഹ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും 24 വരെ റദ്ദാക്കി. എയര്‍ അറേബ്യ റിയാദ്, അബഹ, ദമ്മാം, തായിഫ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഖത്തര്‍ എയര്‍വേയ്‌സ് റിയാദിലേക്കും ദമ്മാമിലേക്കുമുള്ള വിമാനങ്ങള്‍ 24 വരെ റദ്ദാക്കി. ജിദ്ദ സര്‍വീസ് എണ്ണം കുറക്കുകയും ചെയ-്‌തു. ഒമാന്‍ എയര്‍ റിയാദ് സര്‍വീസ് 22 വരെ റദ്ദാക്കി. എമിറേറ്റ്‌സിന്റെ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയോ സമയക്രമത്തില്‍ മാറ്റം വരികയോ ചെയ-്‌തിട്ടുണ്ട്.
വിവധ സൗദി പട്ടണങ്ങളിലേക്കുള്ള സര്‍വീസുകള്‍ മുടങ്ങിയത് പ്രവാസികളെയും പ്രയാസത്തിലാക്കി. പ്രവാസി യാത്രക്കാര്‍ റോഡുമാര്‍ഗം ബഹ്‌റൈന്‍, ഖത്തര്‍ തുടങ്ങിയ അയല്‍രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലെത്തി അവിടെനിന്ന് തുടര്‍യാത്ര നടത്തുകയാണ്. സര്‍വീസ് താളപ്പിഴകള്‍ ഇന്ത്യന്‍ യാത്രികരെ വലിയ പ്രതിസന്ധിയിലാക്കി. ഇന്ത്യയിൽനിന്ന് യൂറോപ്പിലേക്കും വടക്കന്‍ അമേരിക്കയിലേക്കും മറ്റ് അന്താരാഷ-്‌ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും സഞ്ചരിക്കുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് ദുബായ്, അബുദാബി, ദോഹ തുടങ്ങിയവ പ്രധാന കണക്റ്റിങ് ട്രാന്‍സിറ്റ് ഹബ്ബുകളാണ്. സര്‍വീസ് റദ്ദാക്കലും വൈകലും കാരണം ഈ യാത്രകള്‍ പ്രയാസത്തിലായി. വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നതും ദീര്‍ഘദൂര ബദല്‍പാതകള്‍ സ്വീകരിക്കുന്നതും അവസാന നിമിഷത്തെ ഷെഡ്യൂള്‍ മാറ്റങ്ങളും പശ്ചിമേഷ്യയുടെ പുറത്തേക്ക് യാത്ര ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ തുടര്‍യാത്രകളെയും സാരമായി ബാധിക്കുന്നുണ്ട്.









0 comments