ad
Deshabhimani

ഹജ്ജ്: ഇന്ത്യന്‍ തീര്‍ഥാടകരുടെ ആദ്യസംഘം മദീനയിൽ

hajj
avatar
അനസ് യാസിന്‍

Published on Apr 19, 2026, 04:18 PM | 2 min read

മനാമ: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനായി ഇന്ത്യയില്‍നിന്നുള്ള ആദ്യ സംഘം സൗദി അറേബ്യയിലെ മദീനയിലെത്തി. ആദ്യ ദിനം പത്ത് വിമാനങ്ങളിലായി 3860 തീര്‍ഥാടകര്‍ ഇന്ത്യയില്‍നിന്ന് മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുൾ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങി. സൗദി ഹജ്ജ്, -ഉംറ സഹ മന്ത്രിമാരായ അബ്ദുൾ അസീസ് എ വസാന്‍, അയാദ് അബ്ദുറഹ്‌മാന്‍ റഹ്ബിനി, ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹ്‌മദ് ഖാന്‍ സൂരി എന്നിവരും മറ്റ്‌ ഉദ്യോഗസ്ഥരും ചേര്‍ന്ന് തീര്‍ഥാടകരെ സ്വീകരിച്ചു.


മുംബൈയില്‍നിന്നുള്ള 402 തീര്‍ഥാടകരാണ് ആദ്യമെത്തിയത്. ഇവർക്ക്‌ പുറമെ കൊല്‍ക്കത്ത, ഗുവാഹത്തി, വിജയവാഡ, ശ്രീനഗര്‍ എന്നിവടങ്ങളില്‍നിന്നുള്ള തീര്‍ഥാടകരും ശനിയാഴ്ച മദീനയിലെത്തി. സ്വകാര്യ ഗ്രൂപ്പുകള്‍ വഴി എത്തുന്ന മലയാളി തീര്‍ഥാടകരുടെ ആദ്യസംഘവും വൈകീട്ട്‌ ജിദ്ദയിലെത്തി. തീര്‍ഥാടകര്‍ എട്ടുദിവസം മദീനയിലെ മസ്ജിദുന്നബവിയില്‍ പ്രാര്‍ഥനകളുമായി കഴിയും. തുടര്‍ന്ന് ഹജ്ജിനായി മക്കയിലേക്ക് തിരിക്കും. ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ജിദ്ദ വിമാനത്താവളം വഴിയായിരിക്കും ഇവരുടെ മടക്കയാത്ര.


ഈ വര്‍ഷം 1,75,025 ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കാണ് ഹജ്ജിന് അനുമതി. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംഗളുരു, ഹൈദരാബാദ് ഉള്‍പ്പെടെ 17 കേന്ദ്രങ്ങള്‍ വഴിയാണ് സര്‍വീസുകള്‍ നടക്കുന്നത്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി എന്നിവയും എംബാര്‍ക്കേഷന്‍ പോയിന്റുകളാണ്. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 14,590 പേരാണ് ഹജ്ജിന് പോകുന്നത്. ഇതില്‍ കേരളത്തില്‍നിന്നുള്ള അപേക്ഷകര്‍ക്ക് പുറമെ ലക്ഷദ്വീപ്, തമിഴ്‌നാട്, പുതുച്ചേരി തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും ഉള്‍പ്പെടുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ കേരളത്തില്‍നിന്നുള്ള തീര്‍ഥാടരുടെ ആദ്യസംഘം കൊച്ചിയില്‍നിന്ന് 30ന് പുറപ്പെടും. ഉച്ചയ്ക്ക് 2.10-ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട് വൈകിട്ട് 5.30ന് ജിദ്ദയില്‍ എത്തും. 432 പേരെ വഹിക്കുന്ന വിമാനം മൊത്തം 20 സര്‍വീസുകളാണ് കൊച്ചിയില്‍നിന്ന് ഷെഡ്യൂള്‍ ചെയ്തത്. കൊച്ചി എംബാര്‍ക്കേഷന്‍ പോയിന്റ് വഴി കേരളത്തില്‍നിന്നുള്ള 7960 പേരും ലക്ഷദ്വീപുള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള 408 പേരുമുള്‍പ്പെടെ മൊത്തം 8368 പേരാണ് യാത്ര ചെയ്യുക.


കോഴിക്കോട് വിമാനത്താവളത്തില്‍നിന്നും മെയ് 15ന്‌ ആണ് ആദ്യ സര്‍വീസ്. ആകാശ എയര്‍ ആണ് സര്‍വീസ് നടത്തുക. 18 വരെ ഏഴ്‌ സര്‍വീസാണ് കോഴിക്കോടുനിന്ന് ഉണ്ടാകുക. 144 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങളാണ് ഉപയോഗിക്കുക. കണ്ണൂരില്‍നിന്നും മെയ് അഞ്ചുമുതല്‍ 14 വരെ 13 സര്‍വീസുകള്‍ ഫ്‌ളൈ അദീൽ ഓപ്പറേറ്റ് ചെയ്യും.


ഹജ്ജിനോടനുബന്ധിച്ച് മക്ക നഗരത്തിലേക്ക് പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഹജ്ജ് വിസയുള്ളവര്‍ക്ക് മാത്രമായിരിക്കും ഇനിമുതല്‍ നഗരത്തിലേക്ക് പ്രവേശനം അനുവദിക്കുക. ഉംറ വിസയില്‍ എത്തിയ തീര്‍ഥാടകര്‍ കാലാവധിക്കുള്ളില്‍ രാജ്യം വിടണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ‘നുസുക്' പ്ലാറ്റ്‌ഫോം വഴിയുള്ള ഉംറ പെര്‍മിറ്റുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മതിയായ രേഖകളില്ലാതെ നഗരത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home