ഫിഫ അറബ് കപ്പിന് വർണാഭ തുടക്കം

ദോഹ : അറബ് ലോകത്ത് വീണ്ടും കാൽപന്തുകളിയുടെ ആവേശമുയർത്തി ഫിഫ അറബ് കപ്പ് മത്സരങ്ങൾക്ക് ഖത്തറിൽ പ്രൗഢഗംഭീര തുടക്കം. 16 ടീമുകളുടെ വീറുറ്റ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ച് അൽ ഖോർ അൽ ബൈതിൽ നടന്ന ചടങ്ങ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഉദ്‌ഘാടനം ചെയ്തു. രാജ്യത്തിന്റെ ആധുനിക സാങ്കേതിക സാധ്യത വെളിവാക്കുന്ന ലേസർഷോയും തുടർന്ന് നടന്ന വെടിക്കെട്ടും കാണികൾക്ക് വിസ്‌മയക്കാഴ്ചകൾ ഒരുക്കി. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ പലസ്‌തീൻ പരാജയപ്പെടുത്തി.
അമീറിന്റെ പ്രതിനിധി ഷെയ്‌ഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി, ഷെയ്‌ഖ് അബ്ദുള്ള ബിന്‍ ഖലീഫ അല്‍ താനി, ഷെയ്‌ഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ താനി, ഷെയ്‌ഖ് ജാസിം ബിന്‍ ഖലീഫ അല്‍ താനി, പ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിന്‍ അബ്‌ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി എന്നിവരടക്കം നിരവധി പ്രമുഖരും മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. അറബ് രാജ്യങ്ങളില്‍നിന്നുള്ള നിരവധി മന്ത്രിമാർ, പ്രതിനിധി സംഘങ്ങൾ, അംബാസഡര്‍മാര്‍, നയതന്ത്ര ദൗത്യ മേധാവികള്‍, ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റുമാര്‍, വിവിധ സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഇത് രണ്ടാം തവണയാണ് അറബ് കപ്പ് മത്സരങ്ങൾക്ക് ഖത്തർ ആതിഥേയരാകുന്നത്. വിവിധ രാജ്യത്തുനിന്നുള്ള കളിയാരാധകരും ഖത്തറിൽ എത്തിച്ചേർന്നിട്ടുണ്ട്. സന്ദർശകർക്കും ആരാധകർക്കുമായി സൂഖ് വാഖിഫ്, ഓൾഡ് ദോഹ പോർട്ട്, കത്താറ വില്ലേജ് എന്നിവിടങ്ങളിൽ വിപുലമായ സജ്ജീകരണങ്ങളാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്. ലുസൈൽ ബൊളിവാർഡിൽ ലൈവ് ഷോകളും സാംസ്‌കാരിക പരിപാടികളും നടക്കും.
അറബ് രാജ്യങ്ങളെ ഒന്നിപ്പിക്കുന്ന വേദി: അമീർ
അറബ് രാജ്യങ്ങൾ തമ്മിലുള്ള സാംസ്‌കാരികവും മാനുഷികവുമായ ബന്ധം ശക്തമാക്കുകയും രാജ്യങ്ങളെ ഒന്നിപ്പിക്കുകയും ചെയ്യുന്ന വേദിയാണ് ടൂർണമെന്റെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി. അറബ് ലോകത്തിന്റെ ഹൃദയങ്ങൾ സൗഹൃദം, സഹോദരത്വം, പരസ്‌പര ബഹുമാനം എന്നിവയോടെ ബന്ധിപ്പിക്കപ്പെടണം. അറബ് കപ്പ് മത്സരങ്ങൾ ഫുട്ബോൾ വികസനത്തിന് വഴിയൊരുക്കുമെന്നും അമീർ പറഞ്ഞു. ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ വിജയിച്ച പലസ്‌തീൻ ടീമിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്‌തു.









0 comments