ബീജിങ്– മസ്‌കത്ത്; നേരിട്ടുള്ള സർവീസ് ആരംഭിച്ച് ചൈന ഈസ്റ്റേൺ എയർലൈൻസ്

മസ്‌കത്ത് : ബീജിങ്ങിൽനിന്ന് മസ്‌കത്തിലേക്ക് ആദ്യമായി നേരിട്ടുള്ള വിമാന സർവീസുമായി ചൈന ഈസ്റ്റേൺ എയർലൈൻസ്. ഡാക്‌സിങ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന് എത്തിയ ഉദ്ഘാടന വിമാനത്തെ ഒമാൻ വിമാനത്താവളം അധികൃതർ സ്വാഗതം ചെയ്തു. ആഴ്ചയിൽ രണ്ട് സർവീസ് എന്ന നിലയിലാകും സേവനങ്ങളെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു.
ഒമാൻ പൈതൃക, -വിനോദസഞ്ചാര മന്ത്രാലയത്തിന്റെയും ചൈനീസ് എംബസിയുടെയും സഹകരണത്തോടെയാണ് പുതിയ സർവീസ് സാധ്യമായത്. ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യാപാരത്തിനും നിക്ഷേപത്തിനും സൗകര്യമൊരുക്കുന്നതിൽ ഇത് സഹായകരമാകും. 299 സീറ്റുകളുള്ള എയർബസ് എ 330– -300 വിമാനങ്ങൾ ഞായറാഴ്ചകളിലും ബുധനാഴ്ചകളിലും സർവീസുകൾ നടത്തും. ഇത് വ്യോമഗതാഗതം മെച്ചപ്പെടുത്തുകയും വിവിധ വിഭാഗങ്ങളിൽനിന്നുള്ള യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുമെന്നും അധികൃതർ വ്യക്തമാക്കി.
ചരിത്രപരമായ വേരുകളുള്ള രണ്ട് പുരാതന നാഗരികതകളെ ബന്ധിപ്പിക്കുന്ന സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പാലമാണ് പുതിയ വ്യോമപാതയെന്ന് പൈതൃക-, വിനോദസഞ്ചാര മന്ത്രാലയം അണ്ടർ സെക്രട്ടറി അസാൻ ബിൻ ഖാസിം അൽ ബുസൈദി പറഞ്ഞു. ഒമാനും ചൈനയും തമ്മിലുള്ള സാംസ്‌കാരിക, വിനോദസഞ്ചാര, സാമ്പത്തിക വിനിമയത്തിന് വിശാലമായ ചക്രവാളങ്ങൾ തുറക്കുന്നതിൽ പുതിയ പാത പങ്കുവഹിക്കും. ചൈന ഈസ്റ്റേൺ എയർലൈൻസിന്റെയും ബീജിങ് ഡാക്സിങ് വിമാനത്താവളത്തിന്റെയും സംയുക്ത സഹകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു.
ഒമാനും ചൈനയ്ക്കുമിടയിൽ നേരിട്ടുള്ള പാത അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുടെ ശൃംഖലയിലേക്കുള്ള തന്ത്രപ്രധാനമായ ഒന്നാണെന്ന് ഒമാൻ വിമാനത്താവളം സിഇഒ അഹമ്മദ് ബിൻ സയീദ് അൽ അമ്രി പറഞ്ഞു. വിനോദസഞ്ചാര, നിക്ഷേപ മേഖലകളെ പിന്തുണയ്ക്കാനും വ്യോമയാന, ലോജിസ്റ്റിക്സ് മേഖലകളിൽ സുപ്രധാന പ്രാദേശിക കേന്ദ്രമെന്ന നിലയിൽ ഒമാന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കും. ചൈനയിൽനിന്ന് ഒമാനിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ വിനിമയവും വർധിപ്പിക്കാൻ വിമാന സർവീസ് സഹായിക്കുമെന്ന് ചൈനീസ് എംബസിയിലെ സാമ്പത്തിക, -വാണിജ്യ കൗൺസലറായ സീ സോങ്‌മെയ് പറഞ്ഞു.









0 comments