ഫീസ് കുടിശ്ശിക: കുട്ടികളെ ക്ലാസിൽ വിലക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

കുവൈത്ത് സിറ്റി : ഫീസ് കുടിശ്ശികയുടെ പേരിൽ സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികളെ ക്ലാസിൽ പങ്കെടുക്കാനോ പരീക്ഷയെഴുതാനോ വിലക്കരുതെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. സ്കൂളിൽനിന്ന് പുറത്താക്കാനോ പരീക്ഷാഫലം തടഞ്ഞുവയ-്‌ക്കാനോ പാടില്ല. സ്വകാര്യ സ-്‌കൂളുകൾ ഈ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
കുടിശ്ശികയുണ്ടെങ്കിലും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കാലയളവ്, അന്തിമ പരീക്ഷാഫലങ്ങൾ എന്നിവ അറിയാനുള്ള അവകാശം ഉറപ്പാക്കണം. ഒന്നോ അതിലധികമോ വിഷയങ്ങളിൽ പരാജയപ്പെട്ട് പുനഃപരീക്ഷ എഴുതേണ്ട വിദ്യാർഥികളുടെ വിവരം അംഗീകൃത സന്ദേശ സംവിധാനത്തിലൂടെ രക്ഷിതാക്കളെ അറിയിക്കണമെന്നും നിർദേശമുണ്ട്. അറബിക് സ്വകാര്യ സ്കൂളുകളുടെയും പാകിസ്ഥാൻ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളുടെയും ഫീസ് പിരിവ് ക്രമീകരിച്ച് പുറത്തിറക്കിയ പുതിയ തീരുമാനത്തിലാണ് വിദ്യാർഥികളുടെ അവകാശങ്ങൾ സംബന്ധിച്ച വ്യവസ്ഥകൾ മന്ത്രാലയം വ്യക്തമാക്കിയത്.
രക്ഷിതാക്കളിൽനിന്ന് മൂന്ന് തുല്യ ഗഡുക്കളായാണ് ഫീസ് ഈടാക്കേണ്ടത്. വിദ്യാർഥിയുടെ ക്ലാസ് ആരംഭിക്കുന്ന ആദ്യ ആഴ്‌ചയിൽ ഒന്നാം ഗഡുവും അധ്യയനവർഷത്തിലെ രണ്ടാം കാലയളവിന്റെ ആദ്യ ആഴ്‌ചയിൽ രണ്ടാം ഗഡുവും മൂന്നാം കാലയളവിന്റെ ആദ്യ ആഴ്‌ചയിൽ അവസാന ഗഡുവും ഈടാക്കാം. ഒന്നാം ഗഡുവിൽ രജിസ്ട്രേഷൻ ഫീസും ഉൾപ്പെടും.
നിശ്ചിത പരിധിക്കപ്പുറം ഫീസ് വർധിപ്പിക്കാനോ ഗഡുക്കളുടെ തീയതി, എണ്ണം, തുക എന്നിവ മാറ്റാനോ പാടില്ല. അംഗീകൃത ഫീസിനുപുറമേ മറ്റൊരു പേരിലും അധിക തുക ഈടാക്കരുത്. അധ്യയനവർഷത്തിനിടെ വിദ്യാർഥി മറ്റൊരു സ്കൂളിലേക്ക് മാറുകയാണെങ്കിൽ ഒന്നാം ഗഡു അടയ്ക്കേണ്ട കാലയളവിൽ ക്ലാസിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ ഫീസിന്റെ 50 ശതമാനം പഴയ സ്കൂളിന് ഈടാക്കാം. രണ്ടാം ഗഡു അടയ്ക്കേണ്ട കാലയളവിൽ ക്ലാസിൽ പങ്കെടുത്തശേഷമാണ് മാറുന്നതെങ്കിൽ ഫീസ് പൂർണമായും ബാധകമാകും. വിദ്യാർഥി നേരത്തേ പഠിച്ച സ്കൂളിൽ ചെലവഴിച്ച കാലയളവിനുള്ള ഫീസ് പുതിയ സ്കൂൾ ഈടാക്കാൻ പാടില്ല.
അംഗീകൃത ഫീസ് പട്ടിക വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ബന്ധപ്പെട്ട വിഭാഗത്തിന് സമർപ്പിച്ച് പരിശോധനയ്ക്ക് വിധേയമാക്കണം. തുടർന്ന് പട്ടിക സ്കൂളിലെ പ്രധാന സ്ഥലത്തോ ഔദ്യോഗിക വെബ്‌സൈറ്റിലോ പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പുതിയ തീരുമാനപ്രകാരം 250 മുതൽ 450 ദിനാർവരെ ഫീസുള്ള അറബിക് സ്വകാര്യ സ്കൂളുകൾക്കും പാകിസ്ഥാൻ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്കും 15 ശതമാനം വർധന അനുവദിച്ചു. 451 ദിനാറും അതിനുമുകളിലും ഫീസുള്ള സ്കൂളുകൾക്ക് 10 ശതമാനമാണ് വർധന. ഒറ്റത്തവണ മാത്രമേ വർധന നടപ്പാക്കാവൂ. വർധനയ്ക്ക് ആനുപാതികമായി വിദ്യാഭ്യാസ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തണമെന്നും നിർദേശമുണ്ട്.
ഇന്ത്യൻ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളിൽ 300 മുതൽ 500 ദിനാർവരെ ഫീസുള്ള സ്കൂളുകൾക്ക് 15 ശതമാനവും 501 ദിനാറും അതിനുമുകളിലും ഫീസുള്ള സ്കൂളുകൾക്ക് 10 ശതമാനവും വർധന അനുവദിച്ചിരുന്നു. അധ്യയനവർഷം ആരംഭിച്ചശേഷമാണ് തീരുമാനം പുറത്തുവന്നത്. തുടർന്ന് ചില ഇന്ത്യൻ സ്‌കൂളുകൾ ഫീസ് വർധന നടപ്പാക്കുന്നത് ഈ അധ്യയനവർഷത്തിലേക്ക് മാറ്റിവച്ചിരുന്നു.









0 comments