7,000 മീറ്ററിലധികം ഉയരമുള്ള കൊടുമുടി കീഴടക്കി; ഏറ്റവും പ്രായം കുറഞ്ഞ അറബ് പർവതാരോഹകയായി ഫാത്തിമ അൽ അവാദി

ദുബായ് : 7,000 മീറ്ററിലധികം ഉയരമുള്ള പർവതശിഖരം കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അറബ് പർവതാരോഹകയായി 19കാരിയായ എമിറാത്തി ഫാത്തിമ അബ്ദുൽറഹ്മാൻ അൽ അവാദി ചരിത്രം സൃഷ്ടിച്ചു. കിർഗിസ്ഥാനിലെ പാമിർ പർവതനിരകളിലുള്ള 7,134 മീറ്റർ ഉയരമുള്ള ലെനിൻ കൊടുമുടി കീഴടക്കിയാണ് ഫാത്തിമയുടെ നേട്ടം. കഴിഞ്ഞ വർഷം യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ പർവതമായ മൗണ്ട് എൽബ്രസ് (5,642 മീറ്റർ) കീഴടക്കിയതിന് പിന്നാലെയാണ് ഫാത്തിമ തന്റെ കരിയറിലെ ഏറ്റവും ഉയർന്ന കൊടുമുടിയിലും വിജയകരമായി എത്തിയത്.
ഏകദേശം മൂന്നാഴ്ച നീണ്ട ദൗത്യത്തിൽ ഉയരവുമായി ശരീരം പൊരുത്തപ്പെടുത്തുന്നതിനുള്ള പരിശീലനഘട്ടത്തിനുശേഷമാണ് അവസാന കയറ്റം പൂർത്തിയാക്കിയത്. ഓക്സിജൻ സിലിണ്ടറിന്റെ സഹായമില്ലാതെയാണ് 7,000 മീറ്ററിലധികം ഉയരത്തിലെത്തിയത്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കിളിമഞ്ചാരോ, യൂറോപ്പിലെ എൽബ്രസ്, അന്റാർട്ടിക്കയിലെ വിൻസൺ മാസിഫ്, ഓഷ്യാനിയയിലെ കാർസ്റ്റൻസ് പിരമിഡ് എന്നിവയും ഇതിനകം കീഴടക്കിയ ഫാത്തിമ, എൽബ്രസ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ എമിറാത്തിയും വിൻസൺ മാസിഫും കാർസ്റ്റൻസ് പിരമിഡും കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അറബ് വംശജയുമാണ്.
ലെനിൻ കൊടുമുടിയുടെ നെറുകയിലെത്തി യുഎഇ ദേശീയപതാക ഉയർത്തിയ ഫാത്തിമ, ആ കൊടുമുടിയിൽ ആദ്യമായി യുഎഇ പതാക പാറിച്ച വ്യക്തിയെന്ന ബഹുമതിയും സ്വന്തമാക്കി. ഏഴ് ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയർന്ന കൊടുമുടികളിൽ നാലെണ്ണം ഇതിനകം കീഴടക്കിയ ഫാത്തിമ, 20 വയസ്സ് തികയുംമുമ്പ് ഏഴ് കൊടുമുടികളും കീഴടക്കുവാനാണ് ലക്ഷ്യമിടുന്നത്. പ്രസിഡൻഷ്യൽ കോർട്ട് യൂണിവേഴ്സിറ്റി സ്കോളർഷിപ്പിന്റെയും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഹയർ സെക്കൻഡറി സ്കോളർഷിപ്പിന്റെയും ജേതാവായ ഫാത്തിമ സർവകലാശാല പഠനത്തിനൊപ്പമാണ് പർവതാരോഹണവും നടത്തുന്നത്.










0 comments