കടുത്ത ചൂടിൽ ഗൾഫ്

സ്വന്തം ലേഖകർ
Published on May 25, 2025, 04:25 PM | 2 min read
ദുബായ്: കടുത്ത ചൂടിൽ ഉരുകി ഗൾഫ് രാജ്യങ്ങൾ. യുഎഇയിൽ ശനിയാഴ്‌ച രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ശനി ഉച്ചയ്ക്ക് 1.45ന് അൽ ഐനിലെ സ്വീഹാനിലാണ് 51.6 ഡിഗ്രി താപനില രേഖപ്പെടുത്തിയത്. ജൂൺ 21ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വേനൽക്കാലത്തിന് മുമ്പുതന്നെ രാജ്യത്ത് താപനില വലിയ തോതിൽ ഉയരുകയാണ്. വെള്ളിയാഴ്‌ച യുഎഇയിൽ 50.4 ഡിഗ്രി താപനില രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെ ചൂടേറിയ ഏപ്രിൽ മാസമാണ് കടന്നുപോയതതെന്ന് അധികൃതർ അറിയിച്ചു. ശരാശരി ഉയർന്ന പ്രതിദിന താപനില 42.6 ഡിഗ്രി വരെ രേഖപ്പെടുത്തിയിരുന്നു. അതേസമയം, വീണ്ടുമൊരു വേനൽ വരാനിരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് യുഎഇ ഭരണകൂടം പൊതുജനങ്ങളോട് അഭ്യർഥിച്ചു. കടുത്ത ചൂടിൽനിന്ന് രക്ഷയൊരുക്കുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ പ്രത്യേക തണൽ പ്രദേശം ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.
അതിനിടെ, യുഎഇയുടെ പല ഭാഗങ്ങളിലും മൂടൽമഞ്ഞിന് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. മൂടൽമഞ്ഞ് കാരണം ദൃശ്യപരത കുത്തനെ കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.
മുന്നറിയിപ്പുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: കടുത്ത ചൂട് തുടരുന്നതിനിടെ ആരോഗ്യപ്രശ്നങ്ങൾ തടയാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം. ഹീറ്റ് സ്ട്രെസ്, സൂര്യാഘാതം, നിർജലീകരണം എന്നിവയെക്കുറിച്ച് ജനങ്ങളിൽ അവബോധം വർധിപ്പിക്കേണ്ടതുണ്ട്. വിയർപ്പിലൂടെ ദ്രാവകവും ലവണവും നഷ്‌ടമാകുന്നത് ഹീറ്റ് സ്ട്രെസിന്റെ പ്രധാന കാരണമാണ്. ക്ഷീണം, തലകറക്കം, വരണ്ട വായ്, ബലഹീനത എന്നിവ പ്രധാന ലക്ഷണങ്ങളാണ്. ശരീര താപനില പെട്ടെന്ന് ഉയരുന്നത് സൂര്യാഘാതത്തിനും ബോധക്ഷയത്തിനും ഇടയാക്കാൻ സാധ്യതയുണ്ട്. ദാഹമില്ലെങ്കിലും ദിനംപ്രതി കുറഞ്ഞത് 2.5 ലിറ്റർ മുതൽ മൂന്നു ലിറ്റർവരെ വെള്ളം കുടിക്കണം. രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കണമെന്നും മുന്നറിയിപ്പിലുണ്ട്. ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും പുറത്ത് പോകുമ്പോൾ തൊപ്പിയോ കുടയോ ഉപയോഗിക്കുകയും വേണമെന്നും നിർദേശമുണ്ട്. കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ ദ്രാവക നഷ്‌ടം വർധിപ്പിക്കുന്ന പാനീയങ്ങൾ ഒഴിവാക്കണം. ഉപ്പുള്ള ഭക്ഷണം നിയന്ത്രിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത
മസ്‌കത്ത്: അറബിക്കടലിൽ ഉഷ്‌ണമേഖല ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് കാലാവസ്ഥാ നിരീക്ഷകർ. അതേസമയം, ഒമാൻ തീരം സുരക്ഷിതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. മധ്യ അറേബ്യൻ കടലിൽ മേഘാവരണത്തിന്റെ സാന്ദ്രത വർധിക്കുന്നതായും നിർദേശത്തിലുണ്ട്. മെയ് ആദ്യവാരത്തിൽ 50 ഡിഗ്രിയോടടുത്ത് രേഖപ്പെടുത്തിയ താപനിലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
സൗദിയിൽ ജൂൺ ഒന്നുമുതൽ വേനൽക്കാലം
റിയാദ്:സൗദി അറേബ്യയിൽ ജൂൺ ഒന്നുമുതൽ വേനൽക്കാലം ആരംഭിക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം. വിവിധ പ്രദേശങ്ങളിലെ താപനിലയിൽ ക്രമാനുഗതമായ വർധനയ്ക്ക് ഈ ദിവസം തുടക്കം കുറിക്കും. കഴിഞ്ഞ ചൊവ്വാഴ്ച ഈ സീസണിലെ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ജിദ്ദയിൽ രേഖപ്പെടുത്തിയിരുന്നു. 47 ഡിഗ്രിവരെ താപനില ഉയർന്നിരുന്നു. വേനൽക്കാല കാലാവസ്ഥയുടെ തീവ്രത വർധിക്കുന്നതിന്റെ ആദ്യ സൂചനയാണിത്. പ്രത്യേകിച്ച് സൗദിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനിലയിൽ ഗണ്യമായ വർവന പ്രതിഫലിപ്പിക്കുന്നു. വേനൽക്കാലത്ത് പ്രവർത്തനം നടത്തുന്നതിനായി എല്ലാ ആധുനിക ഉപകരണങ്ങളും സമാഹരിക്കാൻ തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥാ റഡാറുകൾ, ഉപഗ്രഹ ചിത്രങ്ങൾ, സൗദി സംഖ്യാ മാതൃക എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള നിരീക്ഷണാലയങ്ങൾ പ്രതിനിധീകരിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യകളെയും ആധുനിക കാലാവസ്ഥാ പരിപാടികളെയും കേന്ദ്രം ആശ്രയിക്കുന്നു. കൂടാതെ, കേന്ദ്രത്തിന്റെ പ്രവചനങ്ങളിൽ പരമാവധി കൃത്യത കൈവരിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന മനുഷ്യ നിരീക്ഷണാലയങ്ങളും മൊബൈൽ ഓട്ടോമാറ്റിക് സ്റ്റേഷനുകളും ഇതിൽ ഉൾപ്പെടുന്നുവെന്നും അധികൃതർ അറിയിച്ചു.










0 comments