ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രവാസി സംഘടനകൾ

മലയാളത്തിന്റെ പ്രിയനടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗത്തിൽ വിവിധ പ്രവാസി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
ഓർമ ദുബായ്
ദുബായ് : നടൻ ശ്രീനിവാസന്റെ വേർപാട് കേരളസമൂഹത്തിനും മലയാള സിനിമാലോകത്തിനും നികത്താനാവാത്ത നഷ്ടമാണ്. അഭിനയം, തിരക്കഥ, സംഭാഷണരചന എന്നീ മേഖലകളിലുടനീളം തന്റെ അസാമാന്യ പ്രതിഭയിലൂടെ അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ കാലാതീതമായി നിലനിൽക്കും. സാധാരണ മനുഷ്യരുടെ ജീവിതവും വികാരങ്ങളും ഹാസ്യത്തിന്റെ മാധുര്യത്തിലൂടെയും ഹൃദയസ്പർശിയായ അവതരണങ്ങളിലൂടെയും പ്രേക്ഷകരിലേക്ക് എത്തിച്ച അപൂർവ കലാകാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും സുഹൃത്തുകൾക്കും ആരാധകർക്കുമൊപ്പം ഓർമയും ആഴത്തിലുള്ള ദുഃഖത്തിൽ പങ്കുചേരുന്നു. ശ്രീനിവാസൻ സമ്മാനിച്ച കലാസൃഷ്ടികളും സാമൂഹിക പ്രതിബദ്ധതയും മലയാളികളുടെ സ്മൃതിയിൽ എന്നും ജീവിച്ചിരിക്കും എന്നും ഓർമ ഭാരവാഹികൾ പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല
സലാല: മലയാള ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭ ശ്രീനിവാസന്റെ വിയോഗത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല കേരള വിങ് അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയുടെ ഭാവുകത്വത്തെ മാറ്റിവരച്ച തിരക്കഥാകൃത്ത്, സംവിധായകൻ, നടൻ എന്നീ നിലകളിൽ ദശകങ്ങളോളം പ്രേക്ഷക ഹൃദയങ്ങളിൽ ചിരിയും ചിന്തയും പടർത്തിയ കലാകാരനായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ജീവിതത്തിലെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കാൻ സവിശേഷമായ കഴിവുണ്ടായിരുന്നു. മലയാളികളുടെ സാമൂഹിക, സാംസ്കാരിക ജീവിതത്തെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു ചലച്ചിത്രകാരൻ ഉണ്ടാവില്ല. ശ്രീനിവാസന്റെ വിയോഗം മലയാള ചലച്ചിത്ര മേഖലയ്ക്കും സാംസ്കാരിക കേരളത്തിനും നികത്താനാവാത്ത നഷ്ടമാണ്. ശ്രീനിവാസന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സിനിമാ പ്രേമികളുടെയും വേദനയിൽ പങ്കുചേരുന്നതായും കേരള വിങ് അറിയിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ
ഷാർജ : മലയാള ചലച്ചിത്ര ലോകത്തെ സമാനതകളില്ലാത്ത പ്രതിഭയും, കഥാകാരനും, നടനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. മലയാളിയുടെ സാമൂഹിക ജീവിതത്തെ ഇത്രത്തോളം ആഴത്തിൽ നിരീക്ഷിക്കുകയും ഹാസ്യത്തിലൂടെയും പരിഹാസത്തിലൂടെയും അത് ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്ത മറ്റൊരു കലാകാരൻ ഉണ്ടാവാൻ ഇടയില്ല.ചിരിയുടെയും ചിന്തയുടെയും കലാകാരനായ ശ്രീനിവാസൻ കാലത്തെ അതിശയിപ്പിച്ച കാഴ്ചപ്പാടുകളാണ് മുന്നോട്ടുവെച്ചത്. ദാസനും വിജയനും മുതൽ തളത്തിൽ ദിനേശൻ വരെ നീളുന്ന കഥാപാത്രങ്ങളിലൂടെ മലയാളിയെ അദ്ദേഹം ചിരിപ്പിച്ചു. ശ്രീനിവാസന്റെ വിയോഗം സാംസ്കാരിക ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും ദുഃഖത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷനും പങ്കുചേരുന്നതായി ഭാരവാഹികൾ പറഞ്ഞു.
അക്കാഫ് ഇവെന്റ്സ്
ദുബായ്: മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി അക്കാഫ് ഇവന്റ്സ് (ഓൾ കേരള കോളേജ് അലുമ്നി ഫോറം ) അനുസ്മരണ യോഗം സംഘടിപ്പിച്ചു. ദുബായിലെ അക്കാഫ് ഇവെന്റ്സ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ചടങ്ങിൽ പ്രശസ്ത സാമൂഹിക പ്രവർത്തകനും പ്രഭാഷകനുമായ ജോർജ് ഓണക്കൂർ ശ്രീനിവാസന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പ്രമുഖ മാധ്യമപ്രവർത്തകൻ എം സി എ നാസർ, സാമൂഹിക പ്രവർത്തകൻ ഇ കെ ദിനേശൻ തുടങ്ങിയവർ അനുശോചന പ്രസംഗം നടത്തി. സംവിധായകൻ സജി സുരേന്ദ്രൻ, അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ,ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ വൈസ്പ്രസിഡന്റ് അഡ്വ: ആഷിക് തൈക്കണ്ടി അമർ പ്രേം, അക്കാഫ് ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി കെ വി മനോജ്, ലേഡീസ് വിങ് വൈസ് പ്രസിഡന്റ് ശ്രീജ സുരേഷ്, മഞ്ജു ശ്രീകുമാർ,സി എ ബിജു, മുഹമ്മദ് ജാബിർ, മോഹൻ ശ്രീധർ, സുധീഷ് കണ്ണൂർ, അക്കാഫ് ഇവെന്റ്സ് ഭാരവാഹികൾ, വിവിധ കോളേജ് അലുമിനി പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
ജിദ്ദ നവോദയ
പ്രമുഖ ചലച്ചിത്ര പ്രതിഭ ശ്രീനിവാസന്റെ വിയോഗത്തിൽ ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി അഗാധമായ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയിലെ ഇതിഹാസ തുല്യനായ കലാകാരന്റെ വേർപാട് സിനിമാ ലോകത്തിന് മാത്രമല്ല, കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിനാകെ നികത്താനാവാത്ത നഷ്ടമാണെന്ന് അനുശോചന കുറിപ്പിൽ പറഞ്ഞു. മലയാളിയുടെ നിത്യജീവിതത്തിലെ വൈരുദ്ധ്യങ്ങളെയും സാമൂഹിക വ്യവസ്ഥിതിയിലെ പൊള്ളത്തരങ്ങളെയും ഹാസ്യത്തിലൂടെയും മൂർച്ചയുള്ള സംഭാഷണങ്ങളിലൂടെയും വെള്ളിത്തിരയിൽ എത്തിച്ച പ്രതിഭയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ പ്രശ്നങ്ങൾ ഇത്രത്തോളം സത്യസന്ധമായി അവതരിപ്പിച്ച മറ്റൊരു തിരക്കഥാകൃത്ത് മലയാളത്തിൽ ഉണ്ടാവില്ലെന്നും ജിദ്ദാ നവോദയ കേന്ദ്ര കമ്മിറ്റി അനുസ്മരിച്ചു.
മലബാർ പ്രവാസി
ദുബായ്: മലബാർ പ്രവാസി (യുഎഇ)യുടെ ആഭിമുഖ്യത്തിൽ നടനും, സംവിധായകനും, തിരക്കഥകൃത്തുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. മൊയ്‌ദു കുറ്റ്യാടി അധ്യക്ഷനായി. ജമീൽ ലത്തീഫ്, ചന്ദ്രൻ കൊയിലാണ്ടി, നൗഷാദ് ഫെറോക്, അഷ്‌റഫ് ടി പി കോഴിക്കോട്, സുനിൽ കുമാർ, മുരളി കൃഷ്ണൻ, അബ്ദുൾ നാസർ, സ്വപ്നേഷ് എന്നിവർ സംസാരിച്ചു.










0 comments