റിപ്പോർട്ടർ ടിവി ആസ്ഥാനത്തെ പൊലീസ് അതിക്രമം; പ്രതിഷേധവുമായി പ്രവാസി സംഘടനകൾ

കല കുവൈത്ത്
റിപ്പോർട്ടർ ടിവിയുടെ കൊച്ചി ഓഫീസിലെ ന്യൂസ് ഡെസ്കിൽ കടന്നുകയറി അതിക്രമം കാണിച്ച് ചാനലിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈത്ത്. മാധ്യമസ്ഥാപനത്തിന്റെ പ്രവർത്തനസ്വാതന്ത്ര്യവും മാധ്യമപ്രവർത്തകരുടെ അവകാശങ്ങളും ലംഘിക്കുന്ന നടപടിയാണിതെന്ന് സംഘടന പ്രസ-്താവനയിൽ പറഞ്ഞു. പൊലീസ് നടപടി മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണ്. അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ല. മാധ്യമപ്രവർത്തകർക്ക് ഭയരഹിതമായും സ്വതന്ത്രമായും ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും കല കുവൈത്ത് ഭാരവാഹികൾ ആവശ്യപ്പെട്ടു.
കേരള പ്രസ് ക്ലബ് കുവൈത്ത്
വാർത്താവിതരണവും ന്യൂസ് റൂമിന്റെ പ്രവർത്തനവും തടസ്സപ്പെടുത്തുംവിധമുള്ള പൊലീസ് നടപടി മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കേരള പ്രസ് ക്ലബ് കുവൈത്ത്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ ഭയപ്പെടുത്താനും അവയുടെ പ്രവർത്തനങ്ങളെ സമ്മർദത്തിലാക്കാനും ഭരണനേതൃത്വം ശ്രമിക്കുന്നത് അപകടകരമായ സൂചനയാണെന്നും സംഘടന പ്രസ-്താവനയിൽ വ്യക്തമാക്കി.
കേളി കലാസാംസ്കാരിക വേദി
റിപ്പോർട്ടർ ചാനലിലെ പൊലീസ് നടപടി മാധ്യമങ്ങൾക്കുള്ള താക്കീതാണെന്നും വരുംനാളിൽ കേരളത്തിൽ മാധ്യമങ്ങളും ജനാധിപത്യവും നേരിടേണ്ടിവരുന്ന സാഹചര്യത്തിന്റെ സൂചനയാണെന്നും കേളി കലാസാംസ്കാരിക വേദി. പോള്ളയായ വാഗ-്ദാനങ്ങൾ നൽകി അധികാരത്തിലെത്തി നാലുമാസം തികയുംമുമ്പ് ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോകുന്ന സർക്കാർ, തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരുടെ വായപ്പിക്കാനുള്ള വൃഥാശ്രമമാണ് നടത്തുന്നതെന്നും കേളി സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. മാധ്യമങ്ങളുടെ വിമർശത്തെ ജനാധിപത്യപരമായ രീതിയിൽ നേരിടുന്നതിന് പകരം അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് അവരെ വരുതിയിൽ നിർത്താനുള്ള ശ്രമം അംഗീകരിക്കാനാകില്ല. വാർത്താ കാർഡുകൾ നീക്കം ചെയ്യിച്ചും പ്രതികരിക്കുന്നവർക്കെതിരെ കേസെടുത്തും വിമർശങ്ങളെ നേരിടാനുള്ള യുഡിഎഫ് ശ്രമം ജനരോഷം ആളിക്കത്തിക്കാൻ മാത്രമാണ് ഉപകരിച്ചത്. അന്വേഷണത്തിന് നിയമപരമായ മാർഗങ്ങൾ നിലവിലിരിക്കെ ന്യൂസ് ഡെസ്കിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയത് അമിതാധികാരപ്രയോഗമാണെന്നും കേളി ഭാരവാഹികൾ വ്യക്തമാക്കി.
ബഹ്റൈൻ പ്രതിഭ
റിപ്പോർട്ടർ ടിവി ആസ്ഥാനത്തെ ന്യൂസ് ഡെസ്കിൽ കടന്നുകയറി ഭീകരാന്തരീക്ഷം സൃഷ-്ടിക്കുകയും വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തുകയും ചെയ്ത പൊലീസ് നടപടിയെ ബഹ്റൈൻ പ്രതിഭ അപലപിച്ചു. കേസന്വേഷണത്തിന്റെ മറവിൽ സംസ്ഥാനത്ത് നടപ്പാക്കാൻ ശ്രമിക്കുന്നത് വ്യക്തമായ ‘മാധ്യമ അടിയന്തരാവസ്ഥ'യാണ്. തത്സമയ പ്രക്ഷേപണത്തിന് തയ്യാറെടുത്ത മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ദൃശ്യങ്ങൾ പകർത്തി ഒന്നര മണിക്കൂറോളം ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ-്തത് സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ഉയർന്നുവരുന്ന വിമർശങ്ങളെ പൊലീസിനെ ഉപയോഗിച്ച് നിശബ-്ദമാക്കാനുള്ള തരംതാഴ്ന്ന നീക്കമായേ കാണാനാകൂ. മാധ്യമസ്വാതന്ത്ര്യത്തിനുനേരെ നടപ്പാക്കുന്ന ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥയ-്ക്കും കടന്നാക്രമണത്തിനും സർക്കാരും ആഭ്യന്തര വകുപ്പും മറുപടി പറയണമെന്നും പ്രതിഭ ജനറൽ സെക്രട്ടറി വി കെ സുലേഷും പ്രസിഡന്റ് കെ വി മഹേഷും വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം
റിപ്പോർട്ടർ ടിവിയുടെ വാർത്താമുറിയിൽ പൊലീസ് നടത്തിയ പരിശോധനയുടെ പേരിൽ മാധ്യമപ്രവർത്തകരുടെ ഔദ്യോഗികവും സ്വകാര്യവുമായ ഫോണുകൾ പിടിച്ചുവെച്ചതായുള്ള റിപ്പോർട്ടുകൾ അതീവ ആശങ്കാജനകമാണെന്ന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം. അന്വേഷണത്തിന്റെ പേരിൽ വാർത്താമുറിയിൽ പ്രവേശിച്ച് പ്രവർത്തനം തടസ്സപ്പെടുത്തുന്നതും വാർത്താ സംപ്രേക്ഷണത്തെ ബാധിക്കുന്ന നടപടികൾ സ്വീകരിക്കുന്നതും മാധ്യമപ്രവർത്തകരിൽ ഭീതിയുണ്ടാക്കുന്നതും അംഗീകരിക്കാനാവാത്തതുമാണ്.
മാധ്യമ സ്ഥാപനത്തിനെതിരെയുള്ള കേസുമായി നേരിട്ട് ബന്ധമില്ലാത്ത മാധ്യമപ്രവർത്തകരുടെ ആശയവിനിമയ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതായുള്ള ആരോപണം ഗൗരവമായി പരിശോധിക്കപ്പെടണം. ജനാധിപത്യത്തിന്റെ അടിസ്ഥാനസ്തംഭങ്ങളിലൊന്നായ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്ന നടപടികൾ അഭിപ്രായസ്വാതന്ത്ര്യത്തിനും പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തിനുമെതിരായ കടന്നുകയറ്റമാണ്. അന്വേഷണ നടപടികൾ സുതാര്യവും നിയമാനുസൃതവും മാധ്യമസ്വാതന്ത്ര്യത്തെ മാനിക്കുന്നതുമായിരിക്കണമെന്ന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ആവശ്യപ്പെട്ടു. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി കേരളത്തിലെ മാധ്യമപ്രവർത്തകരും സംഘടനകളും നടത്തുന്ന ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം വ്യക്തമാക്കി.









0 comments