ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് 2026ൽ

ഷാർജ/ദുബായ് : യുഎഇയിലെ 11 നഗരങ്ങളെ ബന്ധിക്കുന്ന ഇത്തിഹാദ് റെയിൽ 2026ൽ പാസഞ്ചർ സർവീസുകൾ ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സിഇഒ അസ അൽ സുഐദി. കിയോലിസ് ഇന്റർനാഷണലുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ സേവനങ്ങൾ ഓപ്പറേറ്റ് ചെയ്യാൻ സംയുക്ത കമ്പനി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആഗോള റെയിൽ പ്രദർശനത്തിന്റെ ഭാഗമായുള്ള ചടങ്ങിൽ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച്, ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡത്തിന് അനുസൃതമായാണ് റെയിൽ സംവിധാനം ശക്തിപ്പെടുത്തിയത്. "ഡിജിറ്റൽ ടിക്കറ്റുകൾ ആദ്യം’ എന്ന സമീപനത്തിനൊപ്പം, സുഖസൗകര്യം, വിശ്വാസ്യത, താങ്ങാനാകുന്ന വില എന്നിവ ഉറപ്പാക്കി ലോകോത്തര യാത്രാനുഭവം ഇത്തിഹാദ് റെയിൽ വാഗ്‌ദാനം ചെയ്യുന്നു. കൂട്ടിയിടി അപകട സാധ്യത ഇല്ലാതാക്കി സുരക്ഷ വർധിപ്പിക്കാനായി റോഡുകളിൽനിന്നും പൂർണമായും വേർപ്പെടുത്തിയ പാതകൾ റെയിൽ ശൃംഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അബുദാബിയിൽനിന്ന് ദുബായിലേക്ക് 57 മിനിറ്റിലും ഉവൈസിലേക്ക് 70 മിനിറ്റിലും ഫുജൈറയിലേക്ക് 105 മിനിറ്റിലും എത്താനാകും. യാത്രക്കാർക്ക് ജോലി, വായന, വിശ്രമം എന്നിവയ്ക്കായി പ്രത്യേക സംവിധാനങ്ങളും റെയിൽവേ ഒരുക്കുന്നുണ്ട്.
ഒരു ട്രെയിനിൽ 400 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന. ദിവസം ഒന്നിലധികം യാത്ര നടത്തുന്നതിലൂടെ ശേഷി വർധിപ്പിക്കാനാകും. പടിഞ്ഞാറ് അൽസിലമുതൽ കിഴക്ക് ഫുജൈറവരെ റുവൈസ്, അൽ മിർഫ, ഷാർജ, ദൈദ്, അബുദാബി, ദുബായ് എന്നിവിടങ്ങളിലൂടെ ട്രെയിൻ കടന്നുപോകും.
അതിവേഗ റെയിൽ പദ്ധതിയുടെ ഭാഗമായി അബുദാബിയിൽനിന്ന് ദുബായിലേക്കുള്ള യാത്ര 30 മിനിറ്റിൽ പൂർത്തിയാക്കാനാകും. മണിക്കൂറിൽ 350 കിലോമീറ്റർവരെ വേഗത കൈവരിക്കാനാകും സാധിക്കും. അടുത്ത 50 വർഷത്തിനുള്ളിൽ യുഎഇയുടെ ജിഡിപിയിലേക്ക് ഏകദേശം 14,500 കോടി ദിർഹം സംഭാവന ചെയ്യാൻ പദ്ധതിയ്ക്ക് സാധിക്കും. പുതുതലമുറ റെയിൽവേ മേഖലയിലെ മുൻനിര ലക്ഷ്യസ്ഥാനമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും അൽ സുഐദി പറഞ്ഞു.










0 comments