ad
Deshabhimani

അബുദാബി– ദുബായ്–ഫുജൈറ യാത്രാ റൂട്ടുകൾ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ

etihad rail
വെബ് ഡെസ്ക്

Published on Jan 21, 2026, 04:11 PM | 2 min read

ദുബായ്: യുഎഇ ദീർഘകാലമായി കാത്തിരുന്ന യാത്രാ റെയിൽ ശൃംഖലയിലെ ആദ്യ ഘട്ട റൂട്ടുകൾ എത്തിഹാദ് റെയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അബുദാബി, ദുബായ്, ഫുജൈറ എന്നിവയെ ബന്ധിപ്പിക്കുന്നതാണ് ആദ്യഘട്ട സർവീസ്. രാജ്യത്തിന്റെ പ്രധാന വാണിജ്യകേന്ദ്രങ്ങളെയും കിഴക്കൻ തീരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ‘സ്പൈൻ’ റൂട്ടായിരിക്കും ഇത്. 2026ൽ യാത്രാ സർവീസുകൾ ആരംഭിക്കുമെന്ന് ഇത്തിഹാദ് റെയിൽ അറിയിച്ചു. തുടർഘട്ടങ്ങളിൽ കൂടുതൽ റൂട്ടുകളും സ്റ്റേഷനുകളും പ്രവർത്തനക്ഷമമാകും.


2026ൽ ആരംഭിക്കുന്ന ആദ്യ സർവീസുകളിൽ അബുദാബി–ദുബായ് റൂട്ടിനൊപ്പം കിഴക്കൻ മേഖലയിലെ ഫുജൈറയിലേക്കുള്ള സർവീസും ഉൾപ്പെടുമെന്ന് എത്തിഹാദ് റെയിൽ മൊബിലിറ്റിയുടെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് അസ്സാ അൽ സുവൈദി വ്യക്തമാക്കി.


അബുദാബി–ദുബായ് യാത്രയ്ക്ക് ഏകദേശം ഒരു മണിക്കൂർ മാത്രമേ വേണ്ടിവരൂ. അബുദാബി–ഫുജൈറ യാത്രാസമയം ഏകദേശം 90 മിനിറ്റായിരിക്കും. അന്തിമ ടൈംടേബിൾ തയ്യാറാക്കുന്ന ഘട്ടത്തിലാണ്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ ഓടുന്ന ട്രെയിനുകളിൽ ഏകദേശം 400 യാത്രക്കാരെ ഒരേസമയം കൊണ്ടുപോകാൻ കഴിയും. ദൈനംദിന യാത്രയും ബിസിനസ് യാത്രയും വർധിക്കുന്ന സാഹചര്യത്തിൽ അബുദാബി–ദുബായ് റൂട്ടിൽ ഇടവേളയില്ലാത്ത സർവീസുകളുണ്ടാകും. ഫുജൈറയിലേക്കുള്ള കണക്ഷൻ കിഴക്കൻ തീരദേശ ടൂറിസം വളർത്തുന്നതിനും തിരക്കേറിയ ഹൈവേകൾക്ക് പകരമായ സൗകര്യപ്രദമായ മാർഗം ഒരുക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.


ജനസംഖ്യാ വർധനവും റോഡ് ഗതാഗതത്തിന്റെ അമിതഭാരവുമാണ് ആദ്യഘട്ട റൂട്ടുകൾ തിരഞ്ഞെടുക്കാൻ കാരണമായതെന്ന് ഇത്തിഹാദ് റെയിൽ വ്യക്തമാക്കി. ജനസാന്ദ്രത, യാത്രാവശ്യം, എമിറേറ്റ് തലത്തിലുള്ള കണക്റ്റിവിറ്റി എന്നിവ കണക്കിലെടുത്താണ് സ്റ്റേഷൻ ലൊക്കേഷനുകൾ തീരുമാനിച്ചത്. ആദ്യ ഘട്ടത്തിലെ മൂന്ന് പ്രധാന സ്റ്റേഷനുകൾ അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി, ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, ഫുജൈറയിലെ സകംകം (അൽ ഹിലാൽ സിറ്റി വികസന പ്രദേശത്തിന് സമീപം) എന്നിവിടങ്ങളിലായിരിക്കും.


കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്ന് സ്റ്റേഷനുകളുടെയും നിർമ്മാണം വേഗത്തിൽ പുരോഗമിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. തുറന്നതും യാത്രക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ ആധുനിക രൂപകൽപ്പനയോടെയാണ് സ്റ്റേഷനുകൾ ഒരുക്കുന്നത്. വർഷംതോറും ഏകദേശം ഒരു കോടി യാത്രക്കാർ റെയിൽ യാത്രാ സർവീസ് ഉപയോഗിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവിലുള്ള ചരക്ക് റെയിൽ പാതയാണ് യാത്രാ സർവീസിനും ഉപയോഗിക്കുക. രാജ്യത്തുടനീളം 11 സ്റ്റേഷനുകളുടെ ലൊക്കേഷനുകൾ കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചിരുന്നു. ഇവയാണ് ശൃംഖലയുടെ അടിത്തറയെന്ന് എത്തിഹാദ് റെയിൽ വിശദീകരിച്ചു.


സ്റ്റേഷനുകളിലേക്കും അവിടെനിന്നും യാത്ര സുഗമമാക്കാൻ മെട്രോ, ബസ് സർവീസുകൾ, ടാക്സി, റൈഡ്-ഹെയിലിംഗ് സേവനങ്ങൾ, സൈക്കിൾ ഉൾപ്പെടെയുള്ളവ ഒരുക്കുന്നതിലും പ്രത്യേക ശ്രദ്ധ നൽകും. നിലവിലുള്ള പൊതുഗതാഗത സംവിധാനങ്ങളുമായി ഏകീകരണം ലക്ഷ്യമിട്ടാണ് പദ്ധതികൾ പുരോഗമിക്കുന്നത്. 2009ൽ സ്ഥാപിതമായ ഇത്തിഹാദ് റെയിൽ, ചരക്ക് ഗതാഗതം വർഷങ്ങൾക്ക് മുൻപേ ആരംഭിച്ചിരുന്നു. ദേശീയ ചരക്ക് റെയിൽ ശൃംഖല 2023ൽ പൂർണമായി പ്രവർത്തനക്ഷമമായി. യാത്രാ ശൃംഖല നിർമാണം വലിയ വെല്ലുവിളിയായിരുന്നുവെന്നും മൂന്ന് വർഷം നീണ്ട നിർമാണത്തിൽ 7,000ലധികം വിദഗ്ധരും തൊഴിലാളികളും പങ്കെടുത്തുവെന്നും അധികൃതർ വ്യക്തമാക്കി.


ഇതോടൊപ്പം അബുദാബി–ദുബായ് യാത്ര 30 മിനിറ്റിൽ സാധ്യമാക്കുന്ന പ്രത്യേക വൈദ്യുത ഹൈസ്പീഡ് യാത്രാ റെയിൽ പാതയും പദ്ധതിയിലുണ്ട്. സർവീസിന്റെ ഉദ്ഘാടനം പിന്നീട് പ്രഖ്യാപിക്കുമെന്ന് ഇത്തിഹാദ് റെയിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home