ad
Deshabhimani

7 പുതിയ സ്റ്റേഷൻ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ

etihad rail
വെബ് ഡെസ്ക്

Published on Jan 09, 2026, 01:39 PM | 1 min read

ദുബായ് : യുഎഇയിലെ റെയിൽ ഗതാഗത രംഗത്ത് നിർണായക മുന്നേറ്റവുമായി ഇത്തിഹാദ് റെയിൽ. സർവീസ്‌ ആരംഭിക്കുന്നതിന്‌ മുന്നോടിയായി ഏഴ് പുതിയ സ്റ്റേഷൻ പ്രഖ്യാപിച്ചു. അൽ സില, അൽ ധന്ന, അൽ മിർഫ, മദീനത്ത് സായിദ്, മെസൈറ, അൽ ഫായ, അൽ ദൈദ് എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷനുകൾ. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നിവിടങ്ങളിൽ നേരത്തേ സ്റ്റേഷൻ പ്രഖ്യാപിച്ചിരുന്നു. പുതിയ സ്റ്റേഷനുകൾ ഘട്ടമായി പ്രവർത്തനം ആരംഭിക്കുമെന്ന്‌ ഇത്തിഹാദ് റെയിൽ ചീഫ് പ്രോജക്‌ട്‌ ഓഫീസർ മുഹമ്മദ് അൽ ഷേഹി അറിയിച്ചു.

ഫ്ലീറ്റിലെ 13 ട്രെയിനിൽ 10 എണ്ണം ഇതിനകം രാജ്യത്തെത്തി. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ-ഗുണനിലവാര മാനദണ്ഡങ്ങളനുസരിച്ച്‌ പരിശോധനയും സർട്ടിഫിക്കേഷനും പൂർത്തിയാക്കി. ഓരോ ട്രെയിനിലും 400 യാത്രക്കാരെവരെ ഉൾക്കൊള്ളാനാകും. ആധുനികവും സുഖപ്രദവുമായ അനുഭവം ഉറപ്പാക്കുന്ന രീതിയിലാണ് ട്രെയിനുകളുടെ രൂപകൽപ്പന. എർഗോണമിക് സീറ്റുകളും മികച്ച ഇന്റീരിയർ ഡിസൈനും പൂർണ വൈ-ഫൈ സൗകര്യവും വ്യക്തിഗത ചാർജിങ് പോയിന്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്‌. മൂന്നു വർഷത്തെ തീവ്ര ആസൂത്രണവും രൂപകൽപ്പനയും നടപ്പാക്കലുമാണ് ഇത്തിഹാദ് റെയിൽ പദ്ധതിയുടെ അടിസ്ഥാനം. 245 ലക്ഷം മണിക്കൂർ ജോലി സമയവും 7000ൽ അധികം വിദഗ്ധരും തൊഴിലാളികളും പദ്ധതിയിൽ പങ്കാളികളായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഗതാഗത -അടിസ്ഥാനസൗകര്യ മേഖലയിലേക്കുള്ള ദീർഘകാല നിക്ഷേപമാണ് ട്രെയിനുകളെന്ന്‌ ഇത്തിഹാദ് റെയിൽ മൊബിലിറ്റി ഡെപ്യൂട്ടി സിഇഒ അസ അൽ സുവൈദി പറഞ്ഞു. റെയിൽ സർവീസുകൾ രാജ്യത്തെ മറ്റ് ഗതാഗത സംവിധാനങ്ങളുമായി ഏകീകരിക്കും. നഗരാന്തര യാത്രകൾക്ക് തിരക്കില്ലാത്ത വിശ്വസനീയ ബദൽ ഒരുക്കും. യാത്രാസമയം കുറയ്ക്കാൻ പ്രത്യേക പ്രാധാന്യം നൽകും. ആദ്യഘട്ടത്തിൽ അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി, ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്, ഷാർജയിലെ യൂണിവേഴ്സിറ്റി സിറ്റി, ഫുജൈറയിലെ അൽ ഹിലാൽ മേഖല ഉൾപ്പെടെ 11 മേഖലകളെയും ബന്ധിപ്പിക്കും. ഈ തന്ത്രപ്രധാന പദ്ധതി ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തും. സുസ്ഥിരവും ജനകേന്ദ്രിതവുമായ ഗതാഗതത്തിൽ പുതിയ പ്രാദേശിക മാനദണ്ഡം സ്ഥാപിക്കുമെന്നും അസ അൽ സുവൈദി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home