750 മില്യൺ ദിർഹം ബഡ്ജറ്റിൽ എമിറേറ്റ്സ് റോഡ് നവീകരണം

ഷാർജ: 750 മില്യൺ ദിർഹം ബഡ്ജറ്റിൽ എമിറേറ്റ്സ് റോഡിന്റെ നവീകരണ പദ്ധതി ആരംഭിച്ചതായി ഊർജ്ജ അടിസ്ഥാന സൗകര്യം മന്ത്രാലയം പ്രഖ്യാപിച്ചു. രണ്ടു വർഷമാണ് പദ്ധതിയുടെ കാലാവധി. പദ്ധതി പൂർത്തിയാകുന്നതോടെ റാസൽഖൈമയ്ക്കും ദുബായ്ക്കും ഇടയിലുള്ള യാത്രാ സമയം 45 ശതമാനം വരെ കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്.
റാസൽഖൈമയിൽ നിന്ന് വരുന്നവർക്കും ഉമ്മുൽ ഖുവൈൻ, ഷാർജ എന്നിവിടങ്ങളിലൂടെ കടന്നു പോകുന്നവർക്കും ഗതാഗതക്കുരുക്ക് ലഘൂകരിച്ച് ഗതാഗതം മെച്ചപ്പെടുത്താൻ ഇത് സഹായകരമാകും. കൂടാതെ വിവിധ എമിറേറ്റ്സുകൾക്കിടയിലുള്ള വ്യാപാരത്തേയും, ചരക്ക് സേവനങ്ങളുടെ ഒഴുക്കിനെയും പിന്തുണയ്ക്കുന്നതിനും പദ്ധതി സഹായകരമാകും. ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം കാണുക എന്ന മന്ത്രാലയത്തിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പദ്ധതി എന്ന് ഊർജ അടിസ്ഥാന സൗകര്യ മന്ത്രാലയം ഫെഡറൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് സെക്ടർ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി യൂസഫ് അബ്ദുള്ള പറഞ്ഞു.
അൽ ബദീ ഇന്റർ ചെയ്ഞ്ച് മുതൽ ഉമ്മൽ ഖുവൈൻ എമിറേറ്റ് വരെ 25 കിലോമീറ്റർ ദൂരത്തിൽ ഓരോ ദിശയിലും മൂന്നു മുതൽ അഞ്ചു വരികളായി റോഡ് വികസിപ്പിക്കും. ഇത് റോഡിന്റെ ശേഷി മണിക്കൂറിൽ ഏകദേശം 9,000 വാഹനങ്ങളായി വർദ്ധിപ്പിക്കും. 65 ശതമാനം വർദ്ധനവിനെയാണ് ഇത് വ്യക്തമാക്കുന്നത്. പ്രധാന റോഡിന്റെ ഇരുവശത്തുമായി 3.4 കിലോമീറ്റർ സർവീസ് റോഡുകളുടെ നിർമാണത്തിന് പുറമേ മൊത്തം 12.6 കിലോമീറ്റർ നീളവും മണിക്കൂറിൽ 13,200 വാഹനങ്ങൾ വരെ കടന്നുപോകാൻ ശേഷിയുമുള്ള ആറ് പാലങ്ങൾ നിർമ്മിച്ച് ഇന്റർ ചെയ്ഞ്ച് നമ്പർ ഏഴിന്റെ വികസനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാർബൺ ഉദ്വമനം വലിയതോതിൽ കുറയ്ക്കുന്നതിനും പദ്ധതി വഴി മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. പദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായി പൊതുജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി അവബോധ പരിപാടികളും മന്ത്രാലയം നടപ്പിലാക്കുന്നുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റുകൾക്കും മാർഗ്ഗ നിർദ്ദേശങ്ങൾക്കും ശ്രദ്ധ നൽകണമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ അടക്കമുള്ള മാർഗങ്ങളിലൂടെയുള്ള അപ്ഡേറ്റുകൾ പിന്തുടരണം എന്നും മന്ത്രാലയം അഭ്യർത്ഥിച്ചു










0 comments