ഇനി വിഴിഞ്ഞത്ത് നിന്നും കണ്ടെയ്നറുകൾ പുറത്തേക്കും


സ്വന്തം ലേഖകൻ
Published on Aug 14, 2026, 06:09 PM | 1 min read
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സമ്പൂർണ എക്‌സിം (കയറ്റുമതി--–ഇറക്കുമതി) പ്രവർത്തനങ്ങൾ ആഗസ്‌ത് 18ന് ആരംഭിക്കും. ഇതോടെ ട്രാൻഷിപ്‌മെന്റ് തുറമുഖത്തിൽനിന്ന് സമ്പൂർണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറും. റോഡ് മാർഗമുള്ള കണ്ടെയ്നർ ചരക്കുനീക്കത്തിന് വിഴിഞ്ഞം സജ്ജമായതായി -കസ്റ്റംസ് നേരത്തെ അറിയിച്ചിരുന്നു. തുറമുഖത്തെ ദേശീയപാത 66ൽ ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ നിർമാണവും പൂർത്തിയായി. പരിശോധനകൾക്കായി കൂടുതൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.
എക്‌സിം സേവനം ആരംഭിക്കുന്നതോടെ കോയന്പത്തൂരിൽനിന്നുള്ള ഇലക്‌ട്രിക് സാധനങ്ങൾ, മെഷീനുകൾ, തിരുപ്പൂരിൽനിന്നുള്ള വസ്‌ത്രങ്ങൾ, കുടകിലെ കാപ്പി, ആലപ്പുഴയിലെയും കൊച്ചിയിലെയും ചെമ്മീൻ, കൊല്ലത്തുനിന്നുള്ള കശുവണ്ടി എന്നിവ വിഴിഞ്ഞംവഴി കപ്പൽ കയറും. തൂത്തുക്കുടി, മംഗലാപുരം തുറമുഖങ്ങളിൽനിന്ന് വിദേശരാജ്യങ്ങളിലേക്കുള്ള ചരക്കും ഇവിടെ എത്തും. ഇൗ തുറമുഖങ്ങളിൽനിന്നുള്ള ചരക്ക് ചെറുകപ്പലുകളിൽ കൊളംബോയിൽ എത്തിച്ച് മദർഷിപ്പിൽ കയറ്റുകയായിരുന്നു പതിവ്. ഇതുമൂലമുണ്ടായിരുന്ന സമയനഷ്ടവും സാന്പത്തികനഷ്ടവുമാണ് നേരിട്ട് ചരക്ക് അയക്കുന്നതോടെ ഒഴിവാകുന്നത്.
ആദ്യഘട്ടത്തിൽ രണ്ടുലക്ഷം ടിഇയു കണ്ടെയ്‌നർ റോഡ് മാർഗം എത്തിയേക്കുമെന്നാണ് അധികൃതർ പറയുന്നത്. ആദ്യ കയറ്റുമതി കണ്ടെയ്‌നർ ആഗസ്‌ത് 18ന് മുഖ്യമന്ത്രി വി ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും.








0 comments