ഡിവൈഎഫ്ഐ പ്രതിഷേധം; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫീസ് ഏര്‍പ്പെടുത്തല്‍ പിന്‍വലിച്ചു

കോഴിക്കോട് : സാധാരണക്കാരെ ദുരിതത്തിലാക്കി കോഴിക്കോട് മെഡിക്കൽ കോളേജിലെ പത്തോളജി ലാബിൽ ഫീസ് ഏർപ്പടുത്താനുള്ള സര്‍ക്കാര്‍ നീക്കം പിൻവലിച്ചു. ഫീസ് വർധനവ് അന്യായമാണെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ നടത്തിയ സമരത്തിന് പിന്നാലെയാണ് നടപടി.
സ്വകാര്യ ആരോഗ്യമേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള നീക്കം നടക്കില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള സമരത്തെ തുടർന്ന് അധികൃതര്‍ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ട് ഓഫീസ് ഉപരോധിക്കുകയും ചെയ്തു. ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങിയ ഉപരോധം 3 മണിക്കൂറുകളോളം നീണ്ടുനിന്നു. സമരത്തെ അഭിവാദ്യം ചെയ്തുകൊണ്ട് ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യ പ്രസിഡണ്ട് പി എ മുഹമ്മദ് റിയാസ് സമര കേന്ദ്രത്തിൽ എത്തി.
ആശുപത്രി സൂപ്രണ്ടും പ്രിൻസിപ്പളും ചുമതലപ്പെടുത്തിയത് പ്രകാരം സെക്രട്ടറിയുമായി നടന്ന ചർച്ചയിൽ ഉത്തരവ് മരവിപ്പിക്കുമെന്ന ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. സമരത്തിന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ അരുൺ, പ്രസിഡണ്ട് ദിപു പ്രേംനാഥ്, ട്രഷറർ കെ എം നിനു ജോയിൻ സെക്രട്ടറി എം കെ നികേഷ്, വൈസ് പ്രസിഡണ്ടുമാരായ എം എം ജിജേഷ്, ഫഹദ് ഖാൻ, എൽ യു അഭിത് എന്നിവർ നേതൃത്വം നൽകി.
എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് ലാബുകളിൽ സൗജന്യമായി നടത്തിയിരുന്ന പരിശോധനകൾക്കാണ് യുഡിഎഫ് ഇപ്പോൾ അന്യായമായി ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. പത്തോളജി വിഭാഗത്തിലെ ഹിസ്റ്റോപത്തോളജി, സൈറ്റോളജി, ഹെമറ്റോളജി ലാബുകളിലെ പതിനാലോളം വരുന്ന പരിശോധനകൾക്കാണ് ഫീസ് ചുമത്തിയത്. ശനിയാഴ്ച നടന്ന ആശുപത്രി വികസന സൊസൈറ്റി (എച്ച്ഡി എസ്) യോഗത്തിലാണ് ജനദ്രോഹകരമായ ഈ തീരുമാനമെടുത്തത്.









0 comments