ad
Deshabhimani

എസ്എഫ്ഐ യൂണിവേഴ്സിറ്റി മാർച്ച്

പൊലീസ് അതിക്രമം ജനാധിപത്യ സമൂഹത്തിന് യോജിക്കാത്തത് : എം വി ​ഗോവിന്ദൻ

govindan
വെബ് ഡെസ്ക്

Published on Aug 14, 2026, 07:34 PM | 1 min read

തിരുവനന്തപുരം : കേരള സർവകലാശാലയിലെ എസ്എഫ്ഐ മാർച്ചിൽ വനിതാ പ്രവർത്തകരെയടക്കം പൊലീസ് മർദിച്ച സംഭവത്തിൽ വിമർശനവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ലോ കോളേജുകളിൽ എൽഎൽബി പുനർമൂല്യനിർണയം അവസാനിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് രജിസ്ട്രാറുടെ ഓഫീസിന് മുന്നിലിരുന്ന് പ്രതിഷേധിച്ചവരെയാണ് പൊലീസ് തല്ലിച്ചതച്ചത്.


എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് മൃഗീയമായി മർദ്ദിച്ചത് ജനാധിപത്യ സമൂഹത്തിന് യോജിക്കാത്തതും കാടത്തവുമാണെന്ന് എം വി ​ഗോവിന്ദൻ പ്രസ്താവനയിൽ പറഞ്ഞു. മുടിക്ക് കുത്തിപ്പിടിച്ചും വലിച്ചിഴച്ചുമാണ് വിദ്യാർഥിനികളെ പൊലീസ് അറസ്റ്റ് ചെയ്തത്. പുനർമൂല്യനിർണയ ഫീസ് കുറയ്ക്കുക, റീവാല്യുവേഷൻ ഒഴിവാക്കുന്ന തീരുമാനം പുനഃപരിശോധിക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങൾ ഉയർത്തി സമരം ചെയ്ത വിദ്യാർഥികളെ മൃഗീയമായാണ് പൊലീസ് നേരിട്ടത്. വനിതാ പ്രവർത്തകരെ പുരുഷ പൊലീസ് അറസ്റ്റ് ചെയ്യുകയും അസഭ്യം പറയുകയും ചെയ്തത് നിയമവിരുദ്ധവും ആധുനിക സമൂഹത്തിന് യോജിക്കാത്തതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


സംഭവത്തിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എം വി ​ഗോവിന്ദൻ ആവശ്യപ്പെട്ടു. 'രണ്ടര മാസം കൊണ്ട് എന്തും ചെയ്യാൻ മടിയില്ലാത്തവരായി കേരള പൊലീസ് മാറിയിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ തന്നെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നത് അനുവദിക്കാനാവില്ല. എൽഎൽബി ഒന്നാം സെമസ്റ്റർ പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ ഉയർന്നതോടെയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. ജനാധിപത്യപരമായ സമരവേദികളെ അടിച്ചമർത്താനുള്ള നീക്കത്തിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധവുമായി രംഗത്തിറങ്ങണം' - എം വി ​ഗോവിന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home