ad
Deshabhimani

'ഭരണഘടനാ ബാഹ്യ ഇടപെടലുകളിൽ നിന്ന് ജനാധിപത്യത്തെ സംരക്ഷിക്കുക'; സ്വാതന്ത്ര്യദിന ആശംസകളുമായി പ്രതിപക്ഷ നേതാവ്

pinarayi vijayan
വെബ് ഡെസ്ക്

Published on Aug 14, 2026, 05:56 PM | 1 min read

തിരുവനന്തപുരം : രാജ്യം എൺപതാം സ്വാതന്ത്ര്യദിനത്തിലേക്ക് കടക്കാനൊരുങ്ങുന്ന വേളയിൽ ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ‌സ്വാതന്ത്ര്യദിനത്തെ കേവലം ഒരാഘോഷമായി ചുരുക്കരുതെന്നും സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹികാവസ്ഥകളെ കുറിച്ചുള്ള ഗൗരവപൂർണ്ണമായ ഒരു ആത്മപരിശോധനക്ക് കൂടി സന്ദർഭത്തിൽ ജനങ്ങൾ തയ്യാറാകണമെന്നും അ​​ദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ സ്വാതന്ത്ര്യദിന സന്ദേശം.


സാമ്രാജ്യത്വത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് നമ്മുടെ രാജ്യം സ്വതന്ത്രമായി ഇന്ന് 79 വർഷം പൂർത്തിയാകുന്നു. എൺപതാം സ്വാതന്ത്ര്യദിനത്തിലേക്ക് കടക്കുന്ന ഈ വേളയെ കേവലം ഒരാഘോഷമായി ചുരുക്കരുത്. മറിച്ച്, സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹികാവസ്ഥകളെ കുറിച്ചുള്ള ഗൗരവപൂർണ്ണമായ ഒരു ആത്മപരിശോധനക്ക് കൂടി ഈ സന്ദർഭത്തിൽ നാം തയ്യാറാകണം, പിണറായി വിജയൻ കുറിച്ചു.


ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും ബഹുസ്വരതയും ഇന്ന് വലിയ വെല്ലുവിളികൾ നേരിടുകയാണെന്നും 'നാനാത്വത്തിൽ ഏകത്വം' നൽകുന്ന കരുത്തിനെ ദുർബലപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നമ്മുടെ ചുറ്റും നടക്കുന്നുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വിഭജിക്കാനുള്ള ശ്രമങ്ങൾ മനസിലാക്കി, വർഗീയതയ്ക്ക് ഈ മണ്ണിൽ സ്ഥാനമില്ലെന്നും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ കൈവിടാതെ കാത്തുകൊള്ളുമെന്നും ഈ ദിനത്തിൽ നമ്മൾ ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം കുറിച്ചു.


'തൊഴിലില്ലായ്മ, വിലക്കയറ്റം, വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വം തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചൂഷണങ്ങൾക്ക് അറുതി വരുത്തുന്നതിനും ഒന്നിച്ചു നിൽക്കാൻ സ്വാതന്ത്ര്യത്തിനായി നാം നടത്തിയ പോരാട്ടങ്ങളുടെ സ്മരണകൾ കരുത്ത് പകരും. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ടത് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം ഇന്ത്യയല്ല; മറിച്ച് എല്ലാ പൗരന്മാർക്കും തുല്യനീതിയും സ്വാതന്ത്ര്യവും ലഭിക്കുന്ന ഒരു മതനിരപേക്ഷ ജനാധിപത്യ രാജ്യമാണ്.


ഭരണഘടനാ ബാഹ്യ ഇടപെടലുകളിൽ നിന്ന് ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുക എന്നത് ഈ കാലഘട്ടം നമ്മളോട് ആവശ്യപ്പെടുന്ന ഏറ്റവും വലിയ കടമയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മതിലുകൾ പൊളിച്ചെറിഞ്ഞ്, മാനവികതയും സാഹോദര്യവും നിറഞ്ഞ ഇന്ത്യയെ കെട്ടിപ്പടുക്കാൻ നമുക്ക് ഒരുമിക്കാം. ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ', അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home