സർക്കാർ ആശുപത്രികളിൽ ഇൻഷുറൻസ് വ്യാപിപ്പിച്ച് എമിറേറ്റ്സ് ഹെൽത്ത് സർവീസസ്

ദുബായ്: യുഎഇയിലെ സർക്കാർ ആരോഗ്യ മേഖലയിലെ സേവനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിനായി രാജ്യവ്യാപകമായി എല്ലാ ആശുപത്രികളിലും ക്ലിനിക്കുകളിലും ആരോഗ്യ ഇൻഷുറൻസ് സ്വീകരിക്കുമെന്ന് എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (ഇഎച്ച്എസ് ) പ്രഖ്യാപിച്ചു. 20ലധികം പ്രമുഖ ഇൻഷുറൻസ് കമ്പനികളുമായി കരാർ ഒപ്പിട്ടതോടെയാണ് പുതിയ സംവിധാനം നടപ്പിലായത്.
ദുബായ് മുതൽ ഫുജൈറ വരെ ഇഎച്ച്എസിന്റെ കീഴിലുള്ള 17 ആശുപത്രികളിലും 61 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഇൻഷുറൻസ് സേവനങ്ങൾ നിലവിൽ വന്നു. ഇതോടെ കൂടുതൽ ഇൻഷുറൻസ് കമ്പനികളുടെ ഉപഭോക്താക്കൾക്ക് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. മുൻപ് പരിമിതമായ ഇൻഷുറൻസ് ദാതാക്കളിൽ മാത്രമായി സേവനം ഒതുങ്ങിയിരുന്നു.
ഹെൽത്ത് കാർഡുകൾക്ക് പകരമായി എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് തന്നെ ചികിത്സയും ഇൻഷുറൻസ് നടപടികളും നടത്താനാകും. ഇൻഷുറൻസ് അംഗീകാരങ്ങൾക്കായി നൂതന ഓട്ടോമേറ്റഡ് ഐടി സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ക്ലെയിമുകൾക്ക് മിനിറ്റുകൾക്കുള്ളിൽ അംഗീകാരം ലഭിക്കുകയും കാത്തിരിപ്പ് സമയം കുറയുകയും ചെയ്യും.
രോഗികളുടെ സൗകര്യം വർധിപ്പിക്കുന്നതിനായി മൂന്ന് പുതിയ ഡിജിറ്റൽ സേവനങ്ങളും ആരംഭിച്ചു. ഇലാസ്റ്റോഗ്രാഫി ഇമേജിംഗ് പോലുള്ള പരിശോധനകൾ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ബുക്ക് ചെയ്യാൻ കഴിയുന്ന സംവിധാനം, സാംക്രമിക രോഗങ്ങൾക്ക് വീഡിയോ വഴിയുള്ള വെർച്വൽ കൺസൾട്ടേഷൻ, പ്രാഥമികാരോഗ്യ കേന്ദ്ര സന്ദർശനത്തിന് ശേഷം ഓൺലൈനായി മെഡിക്കൽ റിപ്പോർട്ടുകൾക്ക് അപേക്ഷിക്കാനുള്ള സൗകര്യം എന്നിവയാണ് പുതുതായി കൊണ്ടുവന്നത്. പൊതുജനാരോഗ്യ മേഖലയിലെ കാര്യക്ഷമത ഉയർത്തുകയും സ്വകാര്യ മേഖലയോട് തുല്യമായ സേവനം ഉറപ്പാക്കുകയും ചെയ്യുന്നതാണ് ലക്ഷ്യമെന്ന് എമിറേറ്റ്സ് ഹെൽത്ത് സർവീസസ് വ്യക്തമാക്കി.










0 comments