2025–26 സാമ്പത്തിക വർഷം ചരിത്രത്തിലെ ഉയർന്ന സാമ്പത്തിക നേട്ടം
റെക്കോഡ് കുതിപ്പിൽ എമിറേറ്റ്‌സ്

ദുബായ്: പശ്ചിമേഷ്യൻ സംഘർഷത്തിനും ആഗോള വ്യോമയാന മേഖലയിലെ അനിശ്ചിതത്വങ്ങൾക്കുമിടയിൽ ആശ്വാസകരമായ പ്രഖ്യാപനവുമായി എമിറേറ്റ്‌സ് ഗ്രൂപ്പ്. 2025–-26 സാമ്പത്തിക വർഷം ചരിത്രത്തിലെ ഏറ്റവും ഉയർന്ന സാമ്പത്തിക നേട്ടം സ്വന്തമാക്കിയതായി എമിറേറ്റ്‌സ് ഗ്രൂപ്പ് അറിയിച്ചു. ലാഭത്തിലും വരുമാനത്തിലും സർവകാല റെക്കോഡാണ് രേഖപ്പെടുത്തിയതെന്നും ഗ്രൂപ്പ് വ്യക്തമാക്കി.
നികുതിയിതര ലാഭം 18 ശതമാനം ഉയർന്ന് 2270 കോടി ദിർഹമായി. ഗ്രൂപ്പിന്റെ മൊത്തം വരുമാനം ആറുശതമാനം വർധിച്ച് 14,540 കോടി ദിർഹത്തിലെത്തി. എമിറേറ്റ്‌സ് എയർലൈൻ മാത്രം 2120 കോടി ദിർഹത്തിന്റെ ലാഭമാണ് നേടിയത്. മുൻവർഷത്തേക്കാൾ 20 ശതമാനം വർധനയാണിത്. കഴിഞ്ഞ വർഷം 5.37 കോടി യാത്രക്കാരാണ് എമിറേറ്റ്‌സ് വിമാനങ്ങളിൽ യാത്ര ചെയ്തത്. പുതിയ വിമാനങ്ങൾ വാങ്ങുന്നതിനും സർവീസുകൾ നവീകരിക്കാനുമായി 1400 കോടി ദിർഹം കമ്പനി ചെലവഴിച്ചു. ജീവനക്കാരുടെ എണ്ണം ഒമ്പത് ശതമാനം ഉയർന്ന് 1.21 ലക്ഷമായി വർധിക്കുകയും ചെയ്തു.
യാത്രക്കാരുടെ എണ്ണത്തിലും ചരക്കുഗതാഗതത്തിലും ഉണ്ടായ വലിയ വർധനയാണ് മുന്നേറ്റത്തിന് കരുത്തായത്. ലോകവ്യാപകമായി വ്യോമയാന സേവനങ്ങളോടുള്ള ആവശ്യകത ഉയർന്നതും സേവന നിലവാരത്തിൽ തുടർച്ചയായി നടത്തിയ നിക്ഷേപങ്ങളുമാണ് നേട്ടത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. ലോകത്തിലെ ഏറ്റവും ലാഭകരമായ വ്യോമയാന ഗ്രൂപ്പെന്ന നില കൂടുതൽ ശക്തിപ്പെടുത്താനായെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം പറഞ്ഞു. യാത്രാസേവനങ്ങളുടെ ഗുണനിലവാരവും ആഗോള ശൃംഖലയുടെ വ്യാപനവും മികച്ച ഫലമാണ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.










0 comments