സലാലയിൽ ഈദ് ആഘോഷം: പ്രവാസലോകത്ത് മലയാളികൾ സ്നേഹവും സാഹോദര്യവും പങ്കിട്ടു

സലാല: വിശുദ്ധ റമദാനിലെ വ്രതശുദ്ധി പൂർത്തിയാക്കി സലാലയിലെ സ്വദേശികളും വിദേശികളുമടക്കം പതിനായിരക്കണക്കിന് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. നഗരത്തിലെ പ്രധാന ആരാധനാലയമായ സുൽത്താൻ ഖാബൂസ് മസ്ജിദിൽ മുസ്ലലം അലി അഹമ്മദ് അൽ മസ്ഹലി പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. മലയാളികൾ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ഈദ് പരിപാടികളും പ്രത്യേക നമസ്കാരങ്ങളും സംഘടിപ്പിച്ചു.
ഇന്ത്യൻ ഇസ്ലാഹി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ അൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിന് എൻ എം മുഹമ്മദലിയും, ഐ സി എഫിൻ്റെ ആഭിമുഖ്യത്തിൽ ബാ അലവി മസ്ജിദിൽ മുഹമ്മദ് റാഫി സഖാഫിയും നേതൃത്വം നൽകിയപ്പോൾ സമസ്ത ഇസ്ലാമിക് സെൻ്റർ സലാലയുടെ നേതൃത്വത്തിൽ മസ്ജിദ് ഹിബ്റിൽ അബ്ദുൽ ലത്തീഫ് ഫൈസി തിരുവള്ളൂരും ഐ എം എയുടെ നേതൃത്വത്തിൽ ഫാസ് അക്കാദമിയിൽ ജി സലീം സേട്ടും നമസ്ക്കാരത്തിന് നേതൃത്വം നൽകി.
പെരുന്നാൾ നമസ്കാരത്തോടനുബന്ധിച്ച് നടന്ന ഖുതുബകളിൽ ഒമാൻ മതകാര്യ മന്ത്രാലയം തയ്യാറാക്കിയ പ്രത്യേക സന്ദേശം വിശ്വാസികൾക്ക് കൈമാറി. റമദാൻ വിടവാങ്ങുന്നതോടെ ആരാധനകൾ അവസാനിക്കുന്നില്ലെന്നും വ്രതകാലത്ത് നേടിയെടുത്ത ആത്മീയ ചൈതന്യവും സൽകർമ്മങ്ങളും ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണമെന്നും ഖുതുബ ഓർമ്മിപ്പിച്ചു.
കുറഞ്ഞ കാര്യങ്ങളാണെങ്കിലും സ്ഥിരമായി ചെയ്യുന്ന സൽകർമ്മങ്ങളാണ് ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടതെന്ന് പ്രവാചക വചനങ്ങളെ ഉദ്ധരിച്ച് ഓർമ്മിപ്പിച്ച ഇമാം, ശവ്വാലിലെ ആറ് നോമ്പുകളും ദാനധർമ്മങ്ങളും തുടരണമെന്നും ആരാധനകളിലുണ്ടായേക്കാവുന്ന വീഴ്ചകൾ പരിഹരിക്കാൻ പാപമോചന പ്രാർത്ഥനകൾ വർദ്ധിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു.
നമസ്കാരത്തിന് ശേഷം വിശ്വാസികൾ പരസ്പരം ഈദ് ആശംസകൾ നേർന്നും സ്നേഹം പങ്കിട്ടും സന്തോഷം കൈമാറിയപ്പോൾ പ്രവാസത്തിൻ്റെ തിരക്കുകൾക്കിടയിലും നാട്ടിലെ പെരുന്നാൾ ഓർമ്മകളെ പുതുക്കുന്ന രീതിയിലുള്ള വിപുലമായ ആഘോഷങ്ങളാണ് സലാലയിൽ ദൃശ്യമായത്.










0 comments