ad
Deshabhimani

ബലിപെരുന്നാൾ: ദുബായ് പൊലീസിന്റെ വ്യാപക പരിശോധന; 50 ഭിക്ഷാടകരും അനധികൃത കശാപ്പുകാരും പിടിയിൽ

DUBAI POLICE
വെബ് ഡെസ്ക്

Published on May 26, 2026, 07:00 PM | 1 min read

ദുബായ്: ബലിപെരുന്നാൾ ഉൾപ്പെടെയുള്ള ആഘോഷകാലങ്ങളിൽ ഭിക്ഷാടനവും അനധികൃതമായി മാംസം അറുക്കുന്ന സഞ്ചരിക്കുന്ന കശാപ്പുകാർക്കെതിരെയും ശക്തമായ നടപടി തുടരുകയാണെന്ന് ദുബായ് പൊലീസ് അറിയിച്ചു. 50 ഭിക്ഷാടകരെയും അനധികൃത കശാപ്പുകാരെയും അറസ്റ്റ് ചെയ്തതായി അധികൃതർ വ്യക്തമാക്കി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്മെന്റിന് കീഴിലുള്ള ക്രിമിനൽ ഫിനോമിന വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അലി സലേം അൽ ഷംസിയുടെ നേതൃത്വത്തിൽ ‘ആന്റി-ബെഗ്ഗിംഗ്’ ക്യാമ്പയിൻ ശക്തമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. വിവിധ തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ചാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്.


മാർക്കറ്റുകൾ, പള്ളികൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നേരിട്ടുള്ള ഭിക്ഷാടനത്തിനൊപ്പം ഓൺലൈൻ വഴിയുള്ള ‘ഇ-ഭിക്ഷാടനവും’ വ്യാജ സംഭാവന അഭ്യർഥനകളും വർധിക്കുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി. കുട്ടികളെയും രോഗികളെയും പ്രത്യേക പരിഗണന ആവശ്യമുള്ളവരെയും ഉപയോഗപ്പെടുത്തി ജനങ്ങളുടെ സഹതാപം നേടാനുള്ള ശ്രമങ്ങളും ചിലർ നടത്തുന്നുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സംഭാവനകൾ ഔദ്യോഗികമായി അംഗീകൃത ചാരിറ്റി സ്ഥാപനങ്ങൾ വഴിമാത്രം നൽകണമെന്നും, അതുവഴി സഹായം യഥാർത്ഥ അർഹരിലെത്തുമെന്ന് പൊലീസ് ഓർമ്മിപ്പിച്ചു.


അതേസമയം, അനധികൃതമായി വീടുതോറും സഞ്ചരിച്ച് മൃഗങ്ങളെ അറുക്കുന്ന കശാപ്പുകാരുമായി ഇടപെടരുതെന്നും പൊലീസ് നിർദേശിച്ചു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും അണുവിമുക്തമാക്കാത്ത ഉപകരണങ്ങൾ ഉപയോഗിച്ചും നടത്തുന്ന അറവുകൾ പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയാണെന്ന് അധികൃതർ വ്യക്തമാക്കി. ഭിക്ഷാടനമോ അനധികൃത കശാപ്പ് പ്രവർത്തനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ 901 നമ്പറിലോ ദുബായ് പൊലീസിന്റെ ആപ്പിലെ പൊലീസ് ഐ സേവനത്തിലൂടെയോ, ഓൺലൈൻ ഭിക്ഷാടന കേസുകളിൽ ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴിയോ വിവരം അറിയിക്കാമെന്ന് പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home