യുനെസ്‌കോ പൊതുസമ്മേളനം 43–-ാമത് സെഷന്‌ തുടക്കം

ഗാസയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംരക്ഷിക്കണം: ഒമാൻ

unesco oman
വെബ് ഡെസ്ക്

Published on Nov 04, 2025, 12:25 PM | 2 min read

മസ്‌കത്ത്‌ : ഗാസയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്‌കാരിക സ്വത്തുക്കളും സംരക്ഷിക്കണമെന്ന്‌ ഒമാൻ. വിദ്വേഷത്തിൽനിന്ന്‌ മുക്തമായ, സൃഷ്‌ടിപരമായ ഇടപെടൽ മേഖലയിൽ പ്രോത്സാഹിപ്പിക്കണമെന്നും ഒമാൻ വിദ്യാഭ്യാസ മന്ത്രിയും ദേശീയ വിദ്യാഭ്യാസ, സാംസ്‌കാരിക, ശാസ്ത്ര കമീഷൻ ചെയർപേഴ്‌സണുമായ ഡോ. മദിഹ ബിൻത് അഹമ്മദ് അൽ -ഷൈബാനി പറഞ്ഞു. യുനെസ്‌കോ പൊതുസമ്മേളനത്തിന്റെ 43–-ാമത് സെഷനിൽ ഒമാനെ പ്രതിനിധീകരിച്ച്‌ സംസാരിക്കുയായിരുന്നു അവർ.

ഭാവിതലമുറകളെ ബാധിക്കുന്ന വർധിച്ചുവരുന്ന മാനുഷിക, സുരക്ഷാ വെല്ലുവിളികൾക്കിടയിലാണ് യോഗം നടക്കുന്നത്‌. അവയിൽ ഏറ്റവും പ്രധാനം അടിസ്ഥാന ജീവിതസാഹചര്യങ്ങളെ ബാധിക്കുന്ന ഗാസയിലെ മാനുഷിക ദുരന്തമാണ്‌. വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം നടപ്പാക്കുന്നതിനെയും അവർ സ്വാഗതം ചെയ്തു. എല്ലാ വിഭാഗത്തെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ സമ്പ്രദായം വികസിപ്പിക്കാനായി ഒമാൻ നടത്തുന്ന ശ്രമങ്ങൾ അവർ വിശദീകരിച്ചു. പ്രാദേശികവും ആഗോളവുമായ തൊഴിൽവിപണിയുടെ ആവശ്യം നിറവേറ്റാനായി തൊഴിലധിഷ്ഠിതവും സാങ്കേതികവുമായ വിദ്യാഭ്യാസത്തിന്റെ വ്യാപ്തി വിപുലീകരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

അധ്യാപക പരിശീലനത്തിനും നൈപുണി വികസനത്തിനും ഒമാൻ വലിയ പ്രാധാന്യം നൽകുന്നു. പ്രാദേശിക, അന്തർദേശീയ സംഘടനകളുമായി സഹകരിച്ച്, ‘എഐ യുഗത്തിലെ സുസ്ഥിര വിദ്യാഭ്യാസം' എന്ന പ്രമേയത്തിൽ പശ്ചിമേഷ്യയിലെ അധ്യാപകരുടെ ആദ്യ അന്താരാഷ്ട്ര സമ്മേളനം 2026ന്റെ തുടക്കത്തിൽ സംഘടിപ്പിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ, ഒമാൻ സർവകലാശാലകൾ റാങ്കിങ്ങിൽ ഗണ്യമായ പുരോഗതി കൈവരിച്ചു. ശാസ്ത്രീയഗവേഷണ- നവീകരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തി. പുനരുപയോഗ ഊർജം പ്രോത്സാഹിപ്പിക്കാനുള്ള നിരവധി പദ്ധതികളിലൂടെയും സമ്പന്നമായ പ്രകൃതിവിഭവങ്ങൾ പ്രയോജനപ്പെടുത്തി കാലാവസ്ഥാ വെല്ലുവിളി നേരിടാനുമുള്ള സമീപനമാണ് സ്വീകരിക്കുന്നത്‌. ജബൽ അഖ്ദർ, അൽ സരീൻ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ യുനെസ്‌കോയുടെ ആഗോള ശൃംഖലയിൽ രജിസ്റ്റർ ചെയ്യുന്നതിൽ ഒമാൻ വിജയിച്ചതായും മന്ത്രി വ്യക്തമാക്കി.

സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാനും സാംസ്‌കാരികവും സൃഷ്ടിപരവുമായ സംരംഭം വികസിപ്പിക്കാനും സഹിഷ്ണുതയുടെയും സംവാദങ്ങളുടെയും തലങ്ങൾക്ക് വലിയ പ്രാധാന്യം ഒമാൻ നൽകുന്നുണ്ട്‌. സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് യുനെസ്‌കോ നൽകിവരുന്ന പ്രോത്സാഹനങ്ങൾക്ക് മന്ത്രി നന്ദി പറഞ്ഞു. എഐ, വിവരസാക്ഷരത തുടങ്ങിയവയെ സംബന്ധിച്ച യുനെസ്‌കോ ശുപാർശകൾക്ക് അനുസൃതമായി, ഡിജിറ്റൽ ഉള്ളടക്കം നിയന്ത്രിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും സ്വകാര്യത സംരക്ഷിക്കുന്നതിനുമായി ഒമാൻ നിയമം പാസാക്കിയിട്ടുണ്ട്‌. വ്യാജവാർത്തകൾ, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങി പുതുകാല വെല്ലുവിളികളെ നേരിടാൻ ഇത് പര്യാപ്തമാണെന്ന്‌ ബോധ്യപ്പെട്ടതായും അവർ വ്യക്തമാക്കി.

ഉസ്ബക്കിസ്ഥാനിലെ സമർഖണ്ഡിൽ 13 വരെയാണ്‌ സമ്മേളനം. സംഘടനയിലെ അംഗരാജ്യങ്ങളുടെ പ്രതിനിധികളും അന്താരാഷ്ട്ര, സർക്കാരിതര, സിവിൽ സൊസൈറ്റി സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. യുനെസ്‌കോയിലെ ഒമാൻ സ്ഥിരം പ്രതിനിധി അംന ബിൻത് സലിം അൽ -ബലുഷി, ഉസ്ബക്കിസ്ഥാനിലെ ഒമാൻ സ്ഥാനപതി അൽ സയ്യിദ വഫ ജബർ നാസർ അൽ- ബുസൈദി, ദേശീയ വിദ്യാഭ്യാസ സാംസ്‌കാരിക ശാസ്ത്ര കമീഷൻ സെക്രട്ടറി, വിദ്യാഭ്യാസ, പൈതൃക, സാംസ്‌കാരിക മന്ത്രാലയ അംഗങ്ങൾ തുടങ്ങിയവരും ഒമാൻ പ്രതിനിധി സംഘത്തിലുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Home