ദുബായിൽ പാർക്കിങ് സേവനങ്ങൾക്ക് ജൂൺ ഒന്നുമുതൽ അഞ്ച് ശതമാനം വാറ്റ്

ദുബായ്: പാർക്കിൻ നൽകുന്ന എല്ലാ പാർക്കിങ് സേവനങ്ങൾക്കും ജൂൺ ഒന്നുമുതൽ അഞ്ച് ശതമാനം മൂല്യവർധിത നികുതി (വാറ്റ്) ഈടാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. യുഎഇ നികുതി ചട്ടങ്ങളും ബന്ധപ്പെട്ട സർക്കാർ അധികാരികളുമായുള്ള ഏകോപനവും അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്ന് കമ്പനി അറിയിച്ചു.
റോഡ് സൈഡ് പാർക്കിങ്, ഓഫ്-സ്ട്രീറ്റ് പാർക്കിങ്, സീസണൽ കാർഡുകൾ, പെർമിറ്റുകൾ, റിസർവേഷൻ സേവനങ്ങൾ എന്നിവയ്ക്കെല്ലാം പുതിയ വാറ്റ് ബാധകമാകും. മാറ്റങ്ങളുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ അറിയുന്നതിനായി ഉപഭോക്താക്കൾ പാർക്കിന്നിന്റെ ഔദ്യോഗിക ആശയവിനിമയ ചാനലുകൾ പിന്തുടരണമെന്നും കമ്പനി നിർദേശിച്ചു.
ഇതിനിടെ, പാർക്കിങ് നിരക്കുകളും സീസണൽ കാർഡ് ഘടനയും പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഈ വർഷം ഫെബ്രുവരിയിൽ പാർക്കിൻ ആർടിഎയ്ക്ക് ശുപാർശ സമർപ്പിച്ചിരുന്നു. പുതിയ നിരക്കുകൾക്ക് അംഗീകാരം ലഭിച്ചാൽ പൊതുപാർക്കിങ് നിരക്കിന്റെ ശരാശരി വർധിക്കുമെന്നായിരുന്നു കമ്പനിയുടെ വിശദീകരണം.
2025 ഏപ്രിലിൽ നടപ്പാക്കിയ വ്യത്യസ്ത നിരക്ക് സംവിധാനത്തെ തുടർന്ന് ദുബായിലെ പണമടച്ച് ഉപയോഗിക്കുന്ന പാർക്കിങ്ങിന്റെ മണിക്കൂർ നിരക്കിൽ ഗണ്യമായ വർധനവുണ്ടായതായും റിപ്പോർട്ടുകളുണ്ട്. 2025 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ശരാശരി മണിക്കൂർ നിരക്ക് 2.01 ദിർഹമിൽ നിന്ന് 3.03 ദിർഹമായി ഉയർന്നിരുന്നു.
2026ൽ പൊതുപാർക്കിങ് മേഖലയിൽ 5,500 മുതൽ 7,500 വരെ പുതിയ പാർക്കിങ് ഇടങ്ങൾ കൂടി ഉൾപ്പെടുത്താനാണ് പാർക്കിന്റെ പദ്ധതി. 2025ൽ 524.5 മില്യൺ ദിർഹം വരുമാനം നേടിയ പൊതുപാർക്കിങ് വിഭാഗം 2026ൽ 560 മുതൽ 610 മില്യൺ ദിർഹം വരെ വരുമാനം നേടുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 2025ൽ കമ്പനിയുടെ അറ്റലാഭം 625.5 മില്യൺ ദിർഹമായി ഉയർന്നതായും, ഇത് മുൻവർഷത്തേക്കാൾ 48 ശതമാനം കൂടുതലാണെന്നും കമ്പനി അറിയിച്ചു.
അതേസമയം, ദുബായിലെ ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക്കും ജൂൺ ഒന്നുമുതൽ ടോൾ നിരക്കുകൾക്കും ടാഗ് ആക്ടിവേഷൻ ഫീസിനും അഞ്ച് ശതമാനം വാറ്റ് ഏർപ്പെടുത്തുമെന്ന് അറിയിച്ചു. എന്നാൽ അടിസ്ഥാന ടോൾ നിരക്കിൽ മാറ്റമില്ലെന്നും, ഈ വാറ്റ് തുക ഫെഡറൽ ടാക്സ് അതോറിറ്റിക്കായി ഈടാക്കുന്നതാണെന്നും കമ്പനി വ്യക്തമാക്കി.









0 comments