ഫീസ് വർധന പിൻവലിക്കുക; ഹിമാചൽ സർവകലാശാലയിൽ പ്രതിഷേധവുമായി എസ്എഫ്ഐ

ഷിംല: ഹിമാചൽ പ്രദേശ് സർവകലാശാലയിൽ എസ്എഫ്ഐയുടെ പ്രതിഷേധം. ഫീസ് വർധനവ് പിൻവലിക്കുക, 186 നിയമവിരുദ്ധ അധ്യാപക നിയമനങ്ങൾ റദ്ദാക്കുക, സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഹിമാചൽ പ്രദേശ് സർവകലാശാലയിൽ എസ് എഫ് ഐ പ്രതിഷേധം സംഘടിപ്പിച്ചു.

ഓഗസ്റ്റ് 12ന് എസ് എഫ് ഐ സർവകലാശാല ക്യാമ്പസിൽ പ്രതീകാത്മക പ്രതിഷേധം നടത്തുകയും ഫീസ് വർധനവ് പിൻവലിക്കാൻ അധികൃതർക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ സർവകലാശാല അധികൃതർ ഈ ആവശ്യങ്ങൾ പരിഗണിക്കാതിരുന്നതിനെ തുടർന്നാണ് ഓഗസ്റ്റ് 19ന് വിദ്യാർഥികൾ വീണ്ടും തെരുവിലിറങ്ങി ശക്തമായ പ്രക്ഷോഭം ആരംഭിച്ചത്.
വിദ്യാർത്ഥികൾക്ക് മേൽ അടിച്ചേൽപ്പിച്ച അന്യായമായ ഫീസ് വർധനവ് ഉടനടി പിൻവലിക്കുകയും ഈടാക്കിയ തുക തിരികെ നൽകുകയും ചെയ്യുക, മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ 186 അധ്യാപക നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതല ജുഡീഷ്യൽ കമ്മിറ്റി രൂപീകരിക്കുക, തട്ടിപ്പ് നിയമനങ്ങൾ റദ്ദാക്കി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുക, വിദ്യാർഥികളുടെ ജനാധിപത്യ അവകാശമായ സ്റ്റുഡന്റ്സ് സെൻട്രൽ അസോസിയേഷൻ തെരഞ്ഞെടുപ്പ് ഉടനടി പ്രഖ്യാപിക്കുക തുടങ്ങിയവയാണ് എസ് എഫ ഐ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ.
അങ്കിത, മുകേഷ്, വിക്കി ഭാരതി തുടങ്ങിയ നേതാക്കൾ പ്രതിഷേധത്തെ അഭിസംബോധന ചെയ്തു. സർവകലാശാല അധികൃതർ വിദ്യാഭ്യാസത്തെ കച്ചവടവൽക്കരിക്കുകയാണെന്നും അഴിമതിക്ക് കുടപിടിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. നിലവിലെ ഫീസ് വർധനവ് സാധാരണക്കാരായ വിദ്യാർഥികളുടെ ഉന്നതവിദ്യാഭ്യാസ സാധ്യതകളെ ഇല്ലാതാക്കുകയാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർവകലാശാല തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രക്ഷോഭം സംസ്ഥാന വ്യാപകമായി ശക്തമാക്കുമെന്നും, ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് സർവകലാശാല ഭരണകൂടം മാത്രമായിരിക്കും ഉത്തരവാദിയെന്നും എസ് എഫ് ഐ മുന്നറിയിപ്പ് നൽകി.









0 comments