പരീക്ഷ ക്രമക്കേട്; ഝാർഖണ്ഡിൽ പരീക്ഷ റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

ഝാർഖണ്ഡ് ഹൈക്കോടതി
റാഞ്ചി: ഝാർഖണ്ഡ് സർക്കാർ 22 റിക്രൂട്ട്‌മെന്റ് പരീക്ഷകൾ റദ്ദാക്കിയ നടപടിക്ക് ഹൈക്കോടതി സ്റ്റേ. പരീക്ഷയെഴുതിയ ഉദ്യോഗാർഥികളുടെ ഹർജിയിന്മേലാണ് കോടതിയുടെ തീരുമാനം. റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി 25 ദിവസത്തോളമായി ഉദ്യോഗാർത്ഥികൾ പ്രതിഷേധത്തിലാണ്.
ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (ജെപിഎസ്‌സി) നടത്തുന്നതും ടിഡിപിഎൽ (TDPL) വഴി നടത്തിയതുമായി പരീക്ഷകളിൽ ക്രമക്കേടുകൾ ഉണ്ടെന്ന പരാതി ലഭിച്ചതിനെത്തുടർന്നാണ് റദ്ദാക്കാൻ തീരുമാനിച്ചതെന്നാണ് സർക്കാർ വാദം. ജൂലൈ 29 മുതൽ റാഞ്ചിയിലെ ജയ്പാൽ സിങ് മുണ്ട സ്റ്റേഡിയത്തിൽ വിദ്യാർഥികൾ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം തുടരുകയാണ്.
ജെപിഎസ്‌സിയും ജെഎസ്എസ്‌സിയും നടത്തിയ റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾ സിഐഡി അന്വേഷണത്തിലൂടെ വെള്ളപൂശാനാണ് ജെഎംഎം നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നതെന്നാണ് സമരക്കാരുടെ ആരോപണം.
മുമ്പ് ജെഎസ്എസ്‌സി–സിജിഎൽ ചോദ്യപ്പേപ്പർ ചോർച്ച അന്വേഷിച്ച സിഐഡി തന്നെ 150 ചോദ്യങ്ങളിൽ 135 എണ്ണത്തിന്റെ ഉത്തരങ്ങൾ ചോർന്നതായും 120 ചോദ്യങ്ങൾ പരീക്ഷാപേപ്പറുമായി കൃത്യമായി പൊരുത്തപ്പെട്ടതായും കണ്ടെത്തിയിരുന്നുവെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.
സർക്കാർ ഉത്തരവിനെതിരെ നാല് ഹർജികളാണ് കോടതിയിൽ സമർപ്പിച്ചത്. പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് സർക്കാർ സർവീസുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ജോലിയിൽ പ്രവേശിക്കുകയും ചെയ്തവരുടെ തൊഴിലും പ്രതിസന്ധിയിലാണ്.
നിർദ്ദിഷ്ട നടപടിക്രമങ്ങൾ പാലിച്ചാണ് തങ്ങൾ പരീക്ഷയെഴുതിയതെന്നും മെറിറ്റ് ലിസ്റ്റിൽ ഇടംനേടിയ ശേഷമാണ് സർക്കാർ പദവികളിൽ നിയമിതരായതെന്നും ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തെരുവിലാക്കിയ സർക്കാർ ഉത്തരവാണ് ഇപ്പോൾ കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.









0 comments