'മന്ത്രിമാരുടെ വളർത്തുനായകൾക്ക് ഇതിലും സൗകര്യമുണ്ട്'; സ്കൂളുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ അഭിജീത് ദീപ്കെ

മുംബൈ : മഹാരാഷ്ട്രയിലെ സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥയില്‍ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോക്രോച് ജനതാ പാർടി സ്ഥാപകൻ അഭിജീത് ദീപ്കെ. മന്ത്രിമാരുടെ വളർത്തുനായകൾക്ക് പോലും സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് കിട്ടുന്നതിനേക്കാൾ മികച്ച സൗകര്യങ്ങളുണ്ടെന്ന് ദീപ്കെ പറഞ്ഞു. മഹാരാഷ്ട്ര സ്കൂൾ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജി വെക്കണമെന്നും ദീപ്കെ ആവശ്യപ്പെട്ടു.
'സ്കൂൾ ഠീക്ക് കരോ' ക്യാമ്പെയിനിന്റെ ഭാഗമായി ലാത്തൂരിലെ ഉജനി ജില്ലാ പരിഷത്ത് സ്കൂൾ സന്ദർശിച്ചതിന് ശേഷമായിരുന്നു ദീപ്കെയുടെ പ്രതികരണം. സ്കൂളുകളിൽ ആവശ്യത്തിന് ബെഞ്ചുകളില്ല, മവ പെയ്താൽ ചോർന്നൊലിക്കുന്ന അവസ്ഥ, ശൗചാലയങ്ങളുടെയും സുരക്ഷിതമായ വഴികളുടെയും അഭാവം തുടങ്ങിയ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി. ചില സ്കൂളുകളിൽ കുട്ടികളോടുള്ള സമീപനം മൃഗങ്ങളോട് പെരുമാറുന്നതിനേക്കാൾ മോശമായ രീതിയിലാണെന്നും ദീപ്കെ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും മന്ത്രിമാരും ഇതിനുത്തരം പറയാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ ജീവിതത്തെക്കുറിച്ചുള്ള ചോദ്യമാണ്. കുട്ടികൾക്ക് വേണ്ടി ഒന്നും ചെയ്യാൻ ജനപ്രതിനിധികൾക്ക് കഴിയുന്നില്ലെങ്കിൽ അവർക്ക് വോട്ട് ചെയ്യുന്നതെന്തിനാണ്? അവർക്ക് ഹെലികോപ്റ്ററുകളിൽ സഞ്ചരിക്കാൻ വേണ്ടിയാണോ? ഏത് അവസ്ഥയിലാണ് തങ്ങളുടെ കുട്ടികൾ പഠിക്കുന്നതെന്ന് മാതാപിതാക്കൾ അറിയണം, ദീപ്കെ പറഞ്ഞു. വിദ്യാഭ്യാസത്തിനാണ് ജനങ്ങൾ മുൻഗണന നൽകേണ്ടതെന്നും സ്വന്തം കുട്ടികളുടെ ഭാവിക്കായി ശബ്ദമുയർത്താൻ എല്ലാവരും മുന്നോട്ട് വരണമെന്നും അഭിജീത് ദീപ്കെ ആവശ്യപ്പെട്ടു.









0 comments