അധ്യക്ഷനില്ലാതെ അനാഥമായി കെപിസിസി: ഹൈക്കമാൻഡിന് മുന്നിൽ പരാതിക്കെട്ടുമായി ചെന്നിത്തല

ന്യൂഡൽഹി: പുതിയ കെപിസിസി പ്രസിഡന്റിനെ കണ്ടെത്താനുള്ള നീക്കം വഴിമുട്ടി നിൽക്കെ ഡൽഹിയിലെത്തി ഉന്നത നേതാക്കളെ കണ്ട് മന്ത്രി രമേശ് ചെന്നിത്തല. കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിലെ ഗ്രൂപ്പ് പോര് വീണ്ടും രൂക്ഷമാകുന്നതിന്റെ സൂചന കൂടിയാണ് ഈ കൂടിക്കാഴ്ച.
പാർടിയിൽ നാഥനില്ലാക്കളരി തുടരുമ്പോഴും മുഖ്യമന്ത്രി വി ഡി സതീശൻ ഇതൊന്നും ശ്രദ്ധിക്കാതെ സ്വന്തം വഴിക്ക് പോകുകയാണെന്ന ആക്ഷേപവും ശക്തമാകുമ്പോഴാണ് ചെന്നിത്തല കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിലെത്തുന്നത്. സോണിയാ ഗാന്ധിയുടെ വസതിയിൽ വെച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായായിരുന്നു നിർണായക കൂടിക്കാഴ്ച.
സണ്ണി ജോസഫ് മന്ത്രിയായതോടെ അനാഥമായ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പകരക്കാരനെ കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് കോൺഗ്രസ് നേതൃത്വം. സംസ്ഥാനത്തെ സംഘടനാ സംവിധാനം പൂർണമായും നിശ്ചലമായ പശ്ചാത്തലത്തിൽ, കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവിനെ നിയമിക്കണമെന്നാണ് ചെന്നിത്തലയിടെ ആവശ്യം.
ചർച്ചയിൽ പേരുകളൊന്നും വന്നില്ലെന്ന് പറഞ്ഞ് ചെന്നിത്തല തടിയൂരിയെങ്കിലും, അധ്യക്ഷ നിയമനത്തെച്ചൊല്ലിയുള്ള തർക്കം കോൺഗ്രസിനുള്ളിൽ തുടരുന്നുണ്ടെന്നാണ് സൂചന. പല പേരുകളും പാർടിക്കുള്ളിൽ നിന്നും ഇതിനോടകം ഉയർന്നുകഴിഞ്ഞു. തർക്കം തീർത്ത് പുതിയ കെപിസിസി പ്രസിഡന്റിനെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇപ്പോൾ പട്ടികയിലില്ലാത്ത ഒരാളെ പരിഗണിക്കാനും സാധ്യതയുണ്ട്.










0 comments