ഡോളർ ദുർബലം, ഓഹരി വിപണി കുതിച്ചു; രൂപക്ക് നേട്ടം

മുംബൈ : ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലകയറിയെങ്കിലും ഡോളറിനെതിരെ രൂപ ഇന്ന് നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 3 പൈസയുടെ നേട്ടത്തോടെ 95.70 എന്ന നിലയിലാണ് ഇന്ന് രൂപ ക്ലോസ് ചെയ്തത്.
ഇന്റർബാങ്ക് വിദേശനാണ്യ വിനിമയ വിപണിയിൽ 95.57 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച രൂപ വ്യാപാരത്തിനിടെ 95.56 - 95.72 പരിധിയിലെത്തി. ഒടുവിൽ മുൻ ദിവസത്തെ ക്ലോസിങ് നിരക്കായ 95.73-ൽ നിന്ന് 3 പൈസ ഉയർന്ന് 95.70ൽ വ്യാപാരം അവസാനിപ്പിച്ചു. ബുധനാഴ്ചയും കാര്യമായ മാറ്റമില്ലാതെ 1 പൈസയുടെ നേട്ടത്തിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.
ആറ് പ്രധാന ആഗോള കറൻസികൾക്കെതിരെയുള്ള ഡോളറിന്റെ മൂല്യം അളക്കുന്ന ഡോളർ സൂചിക 0.22 ശതമാനം ഇടിഞ്ഞ് 98.61 എന്ന നിലയിൽ എത്തി. യു എസ് ട്രഷറി ദീർഘകാല ബോണ്ടുകളുടെ ബൈബാക്ക് ഇരട്ടിയാക്കാൻ തീരുമാനിച്ചതാണ് ഡോളറിന് തിരിച്ചടിയായത്. ആഗോള ക്രൂഡ് ഓയിൽ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 2.22 ശതമാനം ഉയർന്ന് ബാരലിന് 93.65 ഡോളറിലെത്തി. ക്രൂഡ് ഓയിൽ വില 90 ഡോളറിന് മുകളിൽ തുടരുന്നത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് വർധിപ്പിക്കുമെന്ന ആശങ്ക രൂപയുടെ കൂടുതൽ മുന്നേറ്റത്തിന് തടസമായി.
ഇന്ന് ആഭ്യന്തര ഓഹരി വിപണികൾ മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 628.04 പോയിന്റ് ഉയർന്ന് 77,537.72 എന്ന നിലവാരത്തിലും, നിഫ്റ്റി 50 സൂചിക 153.55 പോയിന്റ് ഉയർന്ന് 24,231.85 എന്ന നിലയിലുമായിരുന്നു. വിദേശ നിക്ഷേപകർ ബുധനാഴ്ച മാത്രം 407.99 കോടി രൂപയുടെ നിക്ഷേപം നടത്തി.










0 comments