എയിംസ്: കാസർകോട് പെരിയയിൽ 274.69 ഏക്കർ ഭൂമി അനുയോജ്യമെന്ന് കളക്ടർ

തിരുവനന്തപുരം: കാസർകോട് ജില്ലയിൽ എയിംസ് (ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) സ്ഥാപിക്കുന്നതിനായി പെരിയയിലെ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളയുടെ ഭൂമി അനുയോജ്യമാണെന്ന് വ്യക്തമാക്കി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സംസ്ഥാന സർക്കാരിന് സമഗ്ര റിപ്പോർട്ട് സമർപ്പിച്ചു. കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതിനായി ഭൂമിയടക്കമുള്ള അടിസ്ഥാനസൗകര്യം നേരത്തെ ഉറപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നിർദ്ദേശപ്രകാരം കാസർകോട് കളക്ടർ വിശദമായ പ്രൊപ്പോസൽ തയ്യാറാക്കിയത്.
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്‍റെ നേതൃത്വത്തില്‍ പെരിയയില്‍ സര്‍വേ നടത്തിയപ്പോള്‍
നിർദ്ദിഷ്ട ഭൂമിയുടെ റീസർവേ ഡിജിറ്റൽ സ്കെച്ച്, ഡ്രോൺ ദൃശ്യങ്ങൾ, ചിത്രങ്ങൾ എന്നിവ പ്രൊപ്പോസലിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. എയിംസ് മാതൃകയിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും മെഡിക്കൽ കോളേജും ഉൾപ്പെടുന്ന സ്ഥാപനത്തിനായുള്ള കേന്ദ്ര സർക്കാറിൻ്റെ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നതാണ് കാസർകോട് ജില്ലയിലെ പെരിയയെന്ന് കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു.
അനുയോജ്യമായ സ്ഥലത്ത് 200 ഏക്കർ ഭൂമി, റോഡ് കണക്റ്റിവിറ്റി, ആവശ്യത്തിന് ജല-വൈദ്യുതി ലഭ്യത, ഭൂമിയും അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് മാനദണ്ഡങ്ങളായി പറഞ്ഞിട്ടുള്ളത്. പെരിയയിൽ കണ്ടെത്തിയിട്ടുള്ള സ്ഥലം ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നതിനോടൊപ്പം മികച്ച ഭൂമിയുടെ അധിക ലഭ്യതയും യാത്രാസൗകര്യങ്ങളും പ്രധാന നേട്ടങ്ങളായി ഉയർത്തിക്കാട്ടിക്കൊണ്ട്, ഈ അടിസ്ഥാന ആവശ്യങ്ങൾക്ക് അനുയോജ്യമായ ശക്തമായ സാധ്യതയാണ് പെരിയ മുന്നോട്ട് വെക്കുന്നതെന്ന് കളക്ടർ പറഞ്ഞു.
എയിംസിനായി കോഴിക്കോട് കിനാലൂരിൽ കണ്ടെത്തിയ സ്ഥലം
അതേസമയം എയിംസിനായി ബാലുശേരി കിനാലൂരിൽ 200 ഏക്കർ ഭൂമിയാണ് സർക്കാർ വാഗ്ദാനംചെയ്തത്. ഇതിൽ 151.58 ഏക്കർ ഭൂമിയാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. എയിംസ് പാലക്കാട്ട് അനുവദിക്കാനായി സംസ്ഥാന ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. തൃശൂർ എയിംസ് കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും അവകാശവാദം ഉന്നയിച്ചു. ഇതോടെ സംസ്ഥാനത്ത് എവിടെ എയിംസ് സ്ഥാപിക്കുമെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.









0 comments